റിയാദ്: ബഹ്‌റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സൗദിയിലെത്തിക്കുന്നതിന് നടപടി ആരംഭിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔാസാഫ് സഈദ്. മലയാളികള്‍ ഉള്‍പ്പെടെ 1500 ഇന്ത്യക്കാരാണ് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതെ ബഹ്‌റൈനില്‍ കുടുങ്ങിയത്. ബഹ്‌റൈനിലെയും സൗദിയിലെയും എംബസികള്‍ ഇതുസംബന്ധിച്ച് വിവിധ വകുപ്പുകളുമായി നടത്തുന്ന ചര്‍ച്ച പുരോഗമിക്കുകയാണെന്നും അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ കമ്യൂണിറ്റി വളന്റിയര്‍മാരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ സംബന്ധിച്ച ആശങ്കകള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാവുമെന്നും അംബാസഡര്‍ വ്യക്തമാക്കി.
ഇന്ത്യക്കു പുറത്ത് സൗദിയിലെത്തുന്നതിന് മുമ്പ് 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് രാജ്യത്തേക്ക് വരുന്നതിന് തടസ്സമില്ല. ഇന്ത്യ-സൗദി വിമാനങ്ങള്‍ നേരിട്ട് സര്‍വീസ് നടത്തുന്നതിനാണ് അനുമതി ഇല്ലാത്തത്. മറ്റു രാജ്യങ്ങള്‍ വഴി സൗദിയിലേക്ക് വരുമ്പോള്‍ അവിടെ പാലിക്കേണ്ട കൊവിഡ് പ്രോടോകോള്‍ പാലിക്കണം. അല്ലാത്ത സാഹചര്യത്തില്‍ യാത്ര മുടങ്ങാനും പ്രതിസന്ധികളെ അഭിമുഖീകരിക്കാനും ഇടവരും.
സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശ പ്രകാരം സൗദി അറേബ്യ അംഗീകാരം നല്‍കിയ വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇളവുളളത്. വാക്‌സിനെടുക്കാതെ വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് ഫലം വിമാനത്താവളത്തില്‍ കാണിക്കുകയും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുകയും വേണം. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഇവരുടെ ആശ്രിത വിസയിലുളളവര്‍ക്ക് ഇളവിന് അര്‍ഹതയില്ല. ഇത് പല ഡോക്ടര്‍മാരെയും നഴ്‌സുമാരെയും രാജ്യത്തേക്ക് മടങ്ങി വരാന്‍ നിരൂത്സാഹപ്പെടുത്തുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിനും ക്വാറന്റൈന്‍ ഇളവിന് ശ്രമിക്കുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
ഫുള്‍ ഡോസ് വാക്‌സിനെടുക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ആവശ്യമാണ്. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് രണ്ട് ഡോസ് എടുത്തവര്‍ക്ക് സൗദിയിലെത്തുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല. സൗദിയിലെ ആസ്ട്രാസെനിക്ക വാക്‌സിന് തുല്ല്യമാണിത്. സൗദി അറേബ്യ അംഗീകരിക്കാത്ത വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുണ്ട്. ഇന്ത്യയില്‍ നിന്നു ഒരു ഡോസ് സ്വീകരിച്ചവരുമുണ്ട്. ചിലര്‍ രണ്ടാം ഡോസ് ഇന്ത്യയില്‍ നിന്നാണ് സ്വീകരിച്ചത്. ഇവര്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യുമെന്ന ആശയക്കുഴപ്പം പരിഹരിക്കും. ഇതിനായി ചര്‍ച്ച തുടരുകയാണ്. സന്ദര്‍ശക വിസയില്‍ സൗദിയിലുള്ള ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് സൗദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പരാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇതില്‍ പാസ്‌പോര്‍ട്ട് നമ്പറും കോവിഷീല്‍ഡ് വാക്‌സിന്‍ എന്നതിനോടൊപ്പം ആസ്ട്രാസെനിക്കയെന്ന് രേഖപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളെ എംബസി അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.