
റിയാദ്: സുരക്ഷിതമായി സൗദിയിലേക്കു മടങ്ങുന്നതിന് സൗദിയിലെ പ്രവാസികള്‍ക്കു ഇന്ത്യയില്‍ പ്രത്യേക വാക്‌സിന്‍ സൗകര്യം ലഭ്യമാക്കണമെന്ന് സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍. വാക്‌സിനേഷന്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യാ സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ നാട്ടില്‍ ഉള്ളവരും കഴിഞ്ഞ 3 മാസത്തിനിടെ കോവിഡ് ബാധിച്ചവരുമായവര്‍ക്ക് ചുരുങ്ങിയത് 3 മാസത്തിന് ശേഷമാണ് വാക്‌സിന്‍ എടുക്കാന്‍ കഴിയുക. അതുകൊണ്ടുതന്നെ അത്തരം കേസുകളില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും സൗദിയിലെ തവക്കല്‍നാ ആപ്ലികേഷനില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുളള സംവിധാനം സൗദി ആരോഗ്യമന്ത്രാലയവുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുകയും വേണം.

കോവീഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ സൗദിയില്‍ നിന്നു നാട്ടിലേയ്‌ക്കോ തിരിച്ചോ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് അടുത്ത ഡോസ് ക്ര്യത്യമായി ലഭിക്കണമെങ്കില്‍ ‘തവക്കല്‍ന’ യിലും നാട്ടില്‍ ആരോഗ്യവകുപ്പിന്റെ രേഖകളിലും അവ അപ്‌ഡേറ്റ് ചെയ്യുവാനുള്ള സംവിധാനമുണ്ടാകണം. കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ അംഗീകാരം ഇല്ല. അവര്‍ക്ക് ഇവിടെ എത്തിയാലുടന്‍ മറ്റൊരു വാക്‌സിന്‍ ഡോസ് സ്വീകരിക്കാന്‍ കഴിയുമോ എന്ന് പഠനറിപ്പോര്‍ട്ടുകളും നിലവിലില്ല. ഈ സാഹചര്യത്തില്‍, ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും സൗദിയിലെ വാക്‌സിന്‍ നിബന്ധനകളില്‍ നിന്നും ഇളവ് ലഭിക്കാന്‍ ആവശ്യമായ നയതന്ത്ര ശ്രമങ്ങള്‍ അത്യാവശ്യമാണ്. അല്ലാത്തപക്ഷം സൗദി കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ആഗസ്ത് 2 നു ശേഷം തെഴിലിടങ്ങളില്‍ പ്രവേശിക്കാനോ തുടരാനോ കഴിയാതെ വരും.
യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യ-സൗദി എയര്‍ ബബിള്‍ കരാര്‍ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരണം. ഇതിനായി എംബസി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘിനീയമാണെന്നും സുബൈര്‍ കുഞ്ഞ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എസ് അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
