
റിയാദ്: സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പരിഷ്‌കരിക്കാനൊരുങ്ങി സൗദി അറേബ്യ. നിതാഖാത് മുത്വവര്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശികളെ ആകര്‍ഷിക്കുന്ന വിധം രൂപകത്പ്പന ചെയ്യും. മാത്രമല്ല വിവിധ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. ഇത് മൂന്നര ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിതാഖാത്ത് പരിഷ്‌കരണ പദ്ധതി ആരംഭിച്ചത്. ആധുനിക തൊഴില്‍ വിപണിക്ക് അനുസൃതമായി തൊഴില്‍ വിപണിയെ സജ്ജീകരിക്കുകയാണ് ലക്ഷ്യം. ഇതു രാജ്യത്തെ അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പദ്ധതി സഹായിക്കും.
പദ്ധതി പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ലക്ഷ്യംവെക്കുന്നു. സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശി ജീവനക്കാരുടെ സ്ഥിരത വര്‍ധിപ്പിക്കുന്നതിന് പുതിയ പദ്ധതി പ്രോത്സാഹനം നല്‍കും. ഇതിനായി മൂന്ന് വര്‍ഷം ദൈര്‍ഘ്യമുളള പ്രവര്‍ത്തന പദ്ധതി തയ്യാറാക്കും. സ്ഥാപനങ്ങളുടെ വലിപ്പത്തിനും ജീവനക്കാരുടെ എണ്ണത്തിനും ആനുപാതികമായ നിലവിലെ നിതാഖാത്തിന് പകരം സ്ഥാപനത്തിന് ആവശ്യമായ പരമാവധി സ്വദേശി അനുപാതം നിര്‍ണയിക്കും. നിതാഖത്ത് ലളിതമായി നടപ്പിലാക്കുന്നതിനും മികച്ച നേട്ടം കൈവരിക്കാന്‍ സഹായിക്കുന്നതിനും പൊതു സ്വഭാവമുള്ള തൊഴില്‍ മേഖലകള്‍ ലയിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
