Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

മലബാറിന്റെ ഹൃദയവാല്‍വ് തുറന്നു; സൗദി എയര്‍ലൈന്‍സിന് കരിപ്പൂരില്‍ വരവേല്പ്

കോഴിക്കോട്: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിന് കരിപ്പൂരില്‍ ഊഷ്മള വരവേല്പ്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50ന് പുറപ്പെട്ട എസ്‌വി 712 വിമാനം ഇന്ന് രാവിലെ 8.10ന് കോഴിക്കോട് ലാന്റ് ചെയ്തു. നിശ്ചിത സമയത്തിനും 20 മിനുറ്റ് മുമ്പേ വിമാനം കരിപ്പൂരില്‍ എത്തിച്ചേര്‍ന്നു. രാവിലെ 9.45ന് കരിപ്പൂരില്‍ നിന്ന് ഇതേ വിമാനം റിയേദിലേയ്ക്കു മടങ്ങി.

കരിപ്പൂരിലെത്തിയ വിമാനത്തിനും യാത്രക്കാര്‍ക്കും മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം ഒരുക്കി. ശിങ്കാരി മേളം, ദഫ് മുട്ട്, കോല്‍കളി എന്നിവയുടെ അകമ്പടിയോടെ മധുരം വിതരണം ചെയ്തും പൂച്ചെണ്ട് സമ്മാനിച്ചുമായിരുന്നു സ്വീകരണം. മലബാറിന്റെ ഹൃദയാമണ് കരിപ്പൂര്‍ എയര്‍പോര്‍ട്ട്. അതിന്റെ സുപ്രധാന വാല്‍വാണ് സൗദി എയര്‍ലൈന്‍സ്. അതുകൊണ്ടുതന്നെ കരിപ്പൂരിന് പുതുജീവന്‍ സമ്മാനിക്കാന്‍ സൗദി എയര്‍ലൈന്‍സിന് കഴിയുമെന്ന് സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ മലബാര്‍ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ കെഎം ബഷീര്‍ പറഞ്ഞു.

അതേസമയം, ഉംറ തീര്‍ഥാടകര്‍, സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്യുന്ന മലബാറില്‍ നിന്നുളള പ്രവാസികള്‍, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലേയ്ക്കു യാത്ര ചെയ്യുന്നവര്‍ക്കു റിയാദ് വഴി എളുപ്പം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 4 ദിവസത്തെ ട്രാന്‍സിറ്റ് വീസയും ലഭ്യമാണ്. ഉംറ നിര്‍വ്വഹിക്കാനും ബന്ധുക്കളെ സന്ദര്‍ശിക്കാനും ഇതു സഹായിക്കും.

കരിപ്പൂരിന് പുറമെ ബാംഗ്ലൂര്‍, മുംബൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളാലേയ്ക്കാണ് സൗദിയ സര്‍വീസ് നടത്തുന്നത്. ഏറ്റവും പുതിയ ജനറേഷനിലെ എയര്‍ബസ് എ-321 നിയോ വിമാനങ്ങളാണ് കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസിന് ഉപയോഗിക്കുന്നത്. 20 ബിസിനസ് ക്ലാസും 145 ഇക്കണോമിയും ഉള്‍പ്പെടെ 165 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളള വിമാനമാണ് സര്‍വ്വീസിന് ഉപയോഗിക്കുന്നത്. നിലവില്‍ ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. റിയാദിന് പുറമെ ജിദ്ദ, ദമാം സര്‍വീസുകളും ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതീക്ഷ.

റണ്‍വേ വികസന പദ്ധതികളെ തുടര്‍ന്ന് 2015 മെയ് മാസം മുതല്‍ കരിപ്പൂരില്‍ വൈഡ് ബോഡി വിമാനങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഇതോടെയാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിവെച്ചത്. മൂന്നു വര്‍ഷത്തിനു ശേഷം സര്‍വീസ് പുനരാരംഭിച്ചെങ്കിലും 2020 ഓഗസ്റ്റില്‍ എയര്‍ ഇന്ത്യാ വിമാനം അപകടത്തില്‍പെട്ടതോടെ വലിയ വിമാനങ്ങള്‍ക്കുളള അനുമതി പിന്‍വലിച്ചു. ഇതോടെ സര്‍വീസ് വീണ്ടും അനിശ്ചിതത്വത്തിലായി. ഇതിനിടെ ആവശ്യങ്ങളും പ്രക്ഷോഭങ്ങളും സജീവമായെങ്കിലും മലബാര്‍ ഡവലപ്‌മെന്റ് ഫോറം നിരന്തരം നടത്തിയ ഇടപെടലാണ് ഫലം കണ്ടത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top