
റിയാദ്: സൗദി കുവൈത്ത് അതിര്‍ത്തിയിലുളള ന്യൂട്രല്‍ സോണില്‍ സംയുക്ത ഖനനം ആരംഭിക്കുന്നു. തുടക്കത്തില്‍ പ്രതിദിനം 10,000 ബാരല്‍ ക്രൂഡ് ഓയില്‍ ഖനനം ചെയ്യും. ആറു മാസത്തിനകം 80,000 ബാരല്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. സൗദി അതിര്‍ത്തിയായ അല്‍ ഖഫ്ജി, അയല്‍ രാജ്യമായ കുവൈത്ത് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വഫ്ര എണ്ണപ്പാടത്താണ് ഖനനം ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും ന്യൂട്രല്‍ സോണായി അംഗീകരിച്ച ഇവിടെ ട്രയല്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ഇവിടെ നിന്നു എണ്ണ കയറ്റുമതി ആരംഭിക്കും. അതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാലര വര്‍ഷത്തിനു ശേഷമാണ് എണ്ണ ഖനനം പുനരാരംഭിക്കുന്നത്. സംയുക്ത ഖനനം ആരംഭിക്കുന്നത് ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5700 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയിലാണ് ന്യൂട്രല്‍ സോണ്‍ അടയാളപ്പെടുത്തിയിട്ടുളളത്. പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കാന്‍ ശേഷിയുളള റിഫൈനറിയും ഇവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം സൗദിയിലെയും കുവൈത്തിലെയും ഊര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ ഒപ്പുവെച്ച കരാറിനെ തുടര്‍ന്നാണ് സംയുകത ഖനനം പുനരാരംഭിക്കുന്നത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
