റിയാദ്: മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം സൗദിയിലെ മധ്യമേഖല പ്രചാരണ സമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ‘നിര്‍ഭയത്വമാണ് മതം; അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ 2022 ഡിസംബര്‍ 29, 30, 31, 2023 ജനുവരി 1 തീയതികളില്‍ കോഴിക്കോട് സ്വപ്നനഗരിയിലാണ് സമ്മേളനം.
മതം കൊണ്ട് മനുഷ്യരെ ഭിന്നിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഇല്ലാതാവണം. മതം മനുഷ്യര്‍ക്ക് സമാധാനവും സുരക്ഷയും നല്‍കുന്ന മാനവിക സന്ദേശമാണെന്ന് ബോധ്യപ്പെടുത്തും. ഇതിനുളള ശ്രമമാണ് സമ്മേളനം ലക്ഷ്യംവെക്കുന്നതെന്ന് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ ഭാവത്തിലും രൂപത്തിലും സാമൂഹിക നന്മകളെ വിഴുങ്ങി കൊണ്ടിരിക്കുന്നു. ശരിയായ വിശ്വാസവും കര്‍മ്മ രീതികളും സമൂഹത്തില്‍ പ്രചരിപ്പിക്കണം. തെറ്റായ വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും വിശ്വാസികളെ രക്ഷപ്പെടുത്തണം. പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസം മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ പ്രേരിപ്പിക്കുന്ന പുതിയ കാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്നും ടി പി പറഞ്ഞു.
ഇരുപതുകളില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമായി ഉയര്‍ന്നുവന്ന മുസ്ലിം ഐക്യ സംഘത്തിന്റെ കൈവഴിയായി രൂപപ്പെട്ട മുജാഹിദ് പ്രസ്ഥാനം നടത്തിയ സമ്മേളനങ്ങള്‍ സമൂഹത്തിന് ദിശാബോധം നല്‍കി. മുസ്ലിം സമൂഹത്തില്‍ ഇന്ന് കാണുന്ന സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ ഉണര്‍വുകള്‍ക്ക് പിന്നില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനമുണ്ട്.
മതനിഷേധ ചിന്തകളും സ്വതന്ത്രമായ ലിബറല്‍ ആശയങ്ങളും പുതുതലമുറയെ വഴിതെറ്റിക്കുന്നു. ഇത്തരം തെറ്റായ ശ്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിണം. ധാര്‍മിക സദാചാര മൂല്യങ്ങളോട് യുദ്ധം ചെയ്യാനാണ് മത നിരാസ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. വര്‍ഗീയതയും തീവ്രവാദ ചിന്തകളും സമൂഹത്തെ ഭിന്നിപ്പിക്കും. അതെല്ലാം പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത നവോത്ഥാന സംരംഭങ്ങളെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുസ്‌ലിം ന്യുനപക്ഷത്തെ ഭയപ്പെടുത്തി നിരാശരാക്കാന്‍ തീവ്രവാദി കൂട്ടങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ കാണാതെ പോകരുത്. ഇന്ത്യയിലെ മതനിരപേക്ഷത മുസ്‌ലിം സമൂഹത്തിനു ഏറ്റവും വലിയ സുരക്ഷ യാണെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടേണ്ടത് പ്രതി വര്‍ഗീയത കൊണ്ടല്ല, മതേതര സമൂഹവുമായി ചേര്‍ന്ന് നിന്ന് ഫാസിസത്തിന്റെ കടന്നു കയറ്റം ചെറുത്ത് തോല്‍പ്പിക്കണം. വര്‍ധിച്ചുവരുന്ന ലഹരിക്കെതിരെ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ വലിയ ബോധവല്‍ക്കരണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രബലമായ ന്യൂനപക്ഷം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ മുജാഹിദ് സമ്മേളനം അഭിസംബോധന ചെയ്യും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.
മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ സൗഹൃദ സംഗമങ്ങളും സംഘടിപ്പിച്ചു. മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പുറത്തിറക്കുന്ന മെമെന്റോകളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ലേണ്‍ ദി ഖുര്‍ആന്‍ മോഡല്‍ ഓണ്‍ലൈന്‍ പരീക്ഷയിലെ വിജയികളെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ നടക്കുന്ന മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കലാപരിപാടികളും ഒരുക്കിയിരുന്നു. ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ക്ക് വേണ്ടി പ്രവര്‍ത്തക കണ്‍വന്‍ഷനും സംഘടിപ്പിച്ചു.
കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, ശൈഖ് ഹുസൈന്‍ അല്‍ ബുറയ്ക്, അബ്ദുല്‍ ഖയ്യൂം. ബുസ്താനി, മുഹമ്മദ് സുല്‍ഫിക്കര്‍,സാജിദ് കൊച്ചി,മാസിന്‍ അസീസിയ്യ, അബ്ദുറസാഖ് സ്വലാഹി, കെന്‍സ് അഹ്മദ് ജാബിര്‍ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.