
റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിലാണെന്ന് അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. സൗദി വിദേശ കാര്യമന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള അധികൃതരുടെ സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ അബ്ദുറഹീം നാട്ടിലെത്തും. ദിയ ധനമായി വന്‍തുക കണ്ടെത്തിയ കൂട്ടായ്മയെ അംബാസഡര്‍ അഭിനന്ദിച്ചു. രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാനുമായി റിയാദ് എംബസിയില്‍ നടന്ന കൂടികാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. റഹീം നിയമ സഹായ സമിതി രക്ഷാധികാരിയും കെഎംസിസി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.

ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഓണ്‍ലൈനില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് സൗദിയില്‍ പരീക്ഷാ കേന്ദ്രം ഒരുക്കും. പരീക്ഷ ആവശ്യപ്പെട്ടുള്ള സര്‍വകലാശാലകളുടെ അപേക്ഷ പരിഗണിക്കും. അതിനുള്ള സെന്റര്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ ഒരുക്കുമെന്നും അംബാസഡര്‍ പറഞ്ഞു. സൗദിയില്‍ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്ന മുറക്ക് മാനദണ്ഡങ്ങളും നടപടികളും പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് വിദേശ കാര്യ മന്ത്രാലയത്തില്‍ അന്വേഷിച്ച് സാധ്യമാകുന്നത് ചെയ്യുമെന്നും അംബാസഡര്‍ പറഞ്ഞു.

ഹജ്ജ് വളണ്ടിയര്‍ സേവനത്തില്‍ സൗദി അതോറിറ്റിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായി മാത്രമാണ് കാര്യങ്ങള്‍ നീക്കാന്‍ സാധിക്കുക. മിന ഉള്‍പ്പടെയുള്ള പുണ്യപ്രദശങ്ങളില്‍ ഹാജിമാരൊഴികെ മറ്റുള്ളവര്‍ക്ക് അനുമതി നല്‍കില്ലെന്നാണ് മുന്നറിയിപ്പ്. നാട്ടില്‍ നിന്ന് കേന്ദ്ര ഹജ്ജ് സമിതിയോടൊപ്പം എത്തുന്ന വളണ്ടിയര്‍ സംഘത്തോടൊപ്പം അണിചേരാന്‍ പരിചയ സമ്പന്നരായ കെഎംസിസി ഉള്‍പ്പടെയുളള സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി ആവശ്യമുന്നയിച്ചു.
ഇക്കൊല്ലം ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് നേരിട്ട പ്രയാസങ്ങളും അംബസഡറുടെ ശ്രദ്ധയില്‍ പെടുത്തി. ഫ്‌ളൈറ്റ് ഷെഡ്യൂളിലെ മാറ്റമാണ് ചിലര്‍ക്ക് മാത്രം പ്രയാസം നേരിടാന്‍ കാരണമെന്ന് അംബാസഡര്‍ വ്യക്തമാക്കി. ഓരോ ദിവസവും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ബില്‍ഡിങ് നമ്പര്‍ ക്രമപ്പെടുത്തുകയാണ് പതിവ്. വിമാന ഷെഡ്യൂള്‍ മാറുമ്പോള്‍ ദിവസവും മാറി തീര്‍ത്ഥാടകര്‍ മറ്റു താമസ കേന്ദ്രങ്ങളിലേക്ക് മാറിപോകുന്നതാണ് പ്രയാസം നേരിടാന്‍ കാരണമായത്. എങ്കിലും അവര്‍ക്കെല്ലാം സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ജാഗ്രത പാലിച്ചിട്ടുണ്ട്.

സൗദി ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയായിട്ടും ജയില്‍ മോചിതരാകാന്‍ സാധിക്കാത്തവരുടെ കേസുകളില്‍ കാര്യമായ ശ്രദ്ധ പതിയണമെന്നും ആവശ്യമായ നിയമ സഹായം നല്‍കി അവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നുമുള്ള ആവശ്യത്തിനും അംബാസഡര്‍ അനുകൂലമായ പ്രതികരിച്ചു. ഇന്ത്യന്‍ എംബസിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലേബര്‍ വെല്‍ഫെയര്‍ വിഭാഗവും പാസ്‌പോര്‍ട്ട് വിഭാഗവും സേവന സജ്ജരായി രംഗത്തുണ്ട്. അടുത്ത കാലത്തായി ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
ഇഖാമ കാലാവധി തീര്‍ന്നവരും ഹുറൂബിലകപ്പെട്ടവരുമായ ഇന്ത്യക്കാരെ ദീര്‍ഘമായ നിയമ നടപടികള്‍ക്ക് വിധേയരാകാത്ത വിധം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പബ്ലിക് റൈറ്റ്‌സില്‍ നിന്നുള്ള നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കിയാലും പ്രൈവറ്റ് റൈറ്‌സില്‍ നടപടികള്‍ തീരാത്തതാണ് കാലതാമസത്തിന് കാരണം. സൗദി അതോറിറ്റികളിലെ കാലതാമസം സ്വാഭാവികമാണെന്നും എംബസിയുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ എളുപ്പമാക്കുമെന്നും അംബാസഡര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിലവില്‍ പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ ഇടയില്ല.

സൗദിയിലെ ഉള്‍ഭാഗങ്ങളില്‍ ജോലിയെടുക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ യാത്ര പ്രതിസന്ധിക്ക് അറുതി വരുത്താന്‍ കൂടുതല്‍ വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ മിഷന്റെ ശ്രദ്ധപതിയാണമെന്ന് അഡ്വ.ഹാരിസ് ബീരാന്‍ ആവശ്യപെട്ടു. റിയാദ്, ജിദ്ദ, ദമാം ഒഴികെയുള്ള മറ്റു വിമാനത്താവളങ്ങളിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ശ്രമം വേണമെന്ന് ആവശ്യത്തോടും സാധ്യമാകുന്നത് ചെയ്യുമെന്ന് അംബാസഡര്‍ അറിയിച്ചു. അബഹ വിമാനത്താവളം കൂടുതല്‍ വിപുലീകരിക്കുന്നതോടെ നേരിട്ടുള്ള വിമാനങ്ങള്‍ ആരംഭിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദ്ദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കുന്നതില്‍ കാലതാമസമില്ലെന്നും വെല്‍ഫെയര്‍ വിഭാഗം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നും ഇത്തരം വിഷയങ്ങള്‍ക്ക് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് സാധ്യമാകുന്ന സഹായങ്ങള്‍ നല്‍കുമെന്നും അംബാസഡര്‍ എംപി യെ അറിയിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും റഹിം നിയമ സഹായ സമിതി ചെയര്‍മാനുമായ സി പി മുസ്തഫ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.