
റിയാദ്: നഗരത്തില്‍ വര്‍ണ വിസ്മയമൊരുക്കി ലോകത്തെ ഏറ്റവും വലിയ ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ ‘നൂര്‍ റിയാദ്’ സമാപിച്ചു. ‘ഇന്‍ ദ ബ്ലിംഗ് ഓഫ് ആന്‍ ഐ’ എന്ന പ്രമേയത്തിലായിരുന്നു ഫെസ്റ്റിവല്‍. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പുതു തലമുറക്കു പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും അന്താരാഷ്ട്ര കലാകാരന്‍മാരുടെ സൃഷ്ടികളും നൂര്‍ റിയാദില്‍ ഇടം പിടിച്ചു. 24 രാജ്യങ്ങളില്‍ നിന്നുള്ള 59 കലാകാരന്മാരുടെ 60 ലൈറ്റ് ആര്‍ട്ടുകളാണ് നൂര്‍ റിയാദിന്റെ ഭാഗമായത്.

നൂര്‍ റിയാദ് അഞ്ചാമത് എഡിഷനാണ് ഈ വര്‍ഷം അരങ്ങേറിയത്. മേളയില്‍ പ്രദര്‍ശിപ്പിച്ച കലാരൂപങ്ങള്‍ 12 ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ക്കു പുറമെ നാല് ഗിന്നസ് റെക്കോര്‍ഡുകളും നേടി. ഏറ്റവും വലിയ ചലിക്കുന്ന ജല കലാ രൂപം, പ്രകാശ വിന്യാസത്തിലൂടെ രൂപപ്പെടുത്തിയ ഏറ്റവും വലിയ വൈകാരിക മുഹൂര്‍ത്തങ്ങളുടെ ദൃശ്യങ്ങള്‍, കെട്ടിടത്തിന്റെ ആകൃതി പഠിച്ച് വെളിച്ചവും ദൃശ്യങ്ങളും അതിന് മുകളില്‍ പതിപ്പിക്കുന്ന എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ചിത്രങ്ങള്‍, ഏറ്റവും വലിയ ത്രീഡി പ്രിന്റഡ് മ്യൂറല്‍ ആര്‍ട്ട് വര്‍ക്ക് എന്നിവയ്ക്കാണ് ഗിന്നസ് റെക്കോര്‍ഡ്.

ബഹിരാകാശത്തു നിന്നുളള ചന്ദ്രന്റെ വിസ്മയ കാഴ്ചകളാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ച മറ്റൊരു കലാരൂപം ‘ലൂണ സോമീനിയം’. ജ്യോതിശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാസ്ൃഷ്ടി. പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ പ്രകാശം വന്യസിപ്പിച്ച് 18 മീറ്റര്‍ വ്യാസമുള്ള ഗോളം 360 ഡിഗ്രിയില്‍ ചലിക്കുന്ന രീതിയാണ് ചന്ദ്രനെ അവതരിപ്പിച്ചത്. നീരാവി ഘടനകള്‍, ചക്രവാളങ്ങള്‍, സ്പന്ദനങ്ങള്‍ തുടങ്ങി ഗവേഷകര്‍ കണ്ടെത്തിയ ചന്ദ്രന്റെ ഡേറ്റകള്‍ വിശകലനം ചെയ്താണ് ഇറ്റാലിയന്‍ കലാകാരന്‍മാുടെ കൂട്ടായ്മയായ ‘ഫ്യൂസ്’ ചന്ദ്രനെ പുനരാവിഷ്‌കരിച്ചത്. ലൈറ്റ് ആര്‍ട്ട് കലാകാരന്‍മാരായ മറ്റിയ കാരേത്തി, ലൂക്ക കമേലിനി എന്നിവരുടെ നേതൃത്വത്തിലാണ് ‘ലൂണ സോമീനിയം’ പൂര്‍ത്തിയാക്കിയത്. ശാസ്ത്ര നിരീക്ഷണങ്ങളെ വൈകാരിക അനുരണനമാക്കി മാറ്റുകയാണ് ‘ലൂണ സോമീനിയം’. മാത്രമല്ല, സന്ദര്‍ശകരെ ഭൂമിക്കു പുറത്തുളള നിഗൂഢതകളും ചന്ദ്രനിലെ അനുഭവങ്ങളും അടുത്തറിയാന്‍ കലാസൃഷ്ടി പ്രചോദനമാകും.

അറബ് നാഗരികതയുടെ പൈതൃകം അടയാളപ്പെടുത്തിയ കലാരൂപങ്ങളാണ് ലൈറ്റ് ആര്‍ട്ടില്‍ നിറഞ്ഞുനിന്നത്. നാടോടി കഥകള്‍, പൗരാണിക ചിത്രങ്ങള്‍, രാജ്യത്തിന്റെ പൈതൃകം എന്നിവയെല്ലാം കൂറ്റന്‍ ഭിത്തികളില്‍ പതിഞ്ഞ വര്‍ണ പ്രകാശങ്ങള്‍ ജീവന്‍ പകര്‍ന്നു. അങ്ങനെ കലയും ചരിത്രവും പൈതൃകവും ആധുനിക സങ്കേതങ്ങളുമായി സമന്വയിപ്പിച്ച് സാംസ്‌കാരിക വിനിമയ കേന്ദ്രങ്ങളാക്കി സൗദി തലസ്ഥാന നഗരിയെ മാറ്റാന്‍ നൂര്‍ റിയാദിന് കഴിഞ്ഞു.
70 ലക്ഷത്തിലധികം സന്ദര്‍ശകരെത്തിയ ലൈറ്റ് ആര്‍ട്ട് പ്രദര്‍ശനം അല്‍ഹുകും പാലസ്, കിംഗ് അബ്ദുല്‍ അസീസ് ഹിസ്‌റ്റോറിക്കല്‍ സെന്റര്‍, എസ്ടിസി മെട്രോ സ്‌റ്റേഷന്‍, കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സിറ്റി, അല്‍ ഫൈസലിയ ടവര്‍, ദിരിയ ജിക്‌സ് എന്നിവിടങ്ങളിലാണ് അരങ്ങേറിയത്.
പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും പൊതു ഇടങ്ങളില്‍ കലയെ എത്തിക്കാനും റിയാദ് റോയല്‍ കമ്മീഷന്‍ ‘റിയാദ് ആര്‍ട്ട്’ പ്രോഗ്രാമിന്റെ ഭാഗമാണ് നൂര്‍ റിയാദ് ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍. അതിവേഗം പരിവര്‍ത്തനം നടക്കുന്ന റിയാദിന്റെ ആധുനിക വല്‍ക്കരണവും ഊര്‍ജ്ജസ്വലതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ ‘ഇന്‍ ദ ബ്ലിങ്ക് ഓഫ് ആന്‍ ഐ’ എന്ന പ്രമേയം.
ജാപ്പനീസ് ക്യൂറേറ്ററായ മാമി കദ്‌വോക്ക, സൗദി ക്യൂറേറ്റര്‍ സാറ അല്‍ മുത്‌ലഖ്, ചൈനീസ് ക്യൂറേറ്റര്‍ ലി ഷെന്‍ഹുവ എന്നിവരടങ്ങിയ സംഘമാണ് ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവലിന് ചുക്കാന്‍ പിടിച്ചത്. രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി 70 ലക്ഷം പേരാണ് നൂര്‍ റിയാദ് സന്ദര്‍ശിച്ചത്. സൗദി വിഷന്‍ 2030 ലക്ഷ്യം വെയ്ക്കുന്ന സമഗ്ര പരിവര്‍ത്തനങ്ങളുടെ ഭാഗമായി ലോകോത്തര കലാ സാംസ്‌കാരിക കേന്ദ്രമാക്കി റിയാദിനെ മാറ്റാന്‍ കഴിയുമെന്ന് അടയാളപ്പെടുത്തിയ പ്രകാശ വര്‍ണ വൈവിധ്യങ്ങളാണ് നൂര്‍ റിയാദ് ഒരുക്കിയ കാഴ്ചകളെന്ന കാര്യത്തില്‍ സംശയമില്ല.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






