നസ്‌റുദ്ദീന്‍ വിജെ

റിയാദ്: സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ഉറപ്പില്‍ പ്രവാസി മലയാളികള്‍ കോടികള്‍ നിക്ഷേപിച്ച ‘കേരള പ്രവാസി ഡിവിഡന്റ് സ്‌കീം’ പദ്ധതിയുടെ ലാഭവിഹിത വിതരണം അനിശ്ചിതത്വത്തിലായതോടെ നിക്ഷേപകര്‍ കടുത്ത ആശങ്കയില്‍. പദ്ധതിപ്രപ്രകാരമുള്ള ഡിവിഡന്റ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കേരള നോണ്‍റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് നിക്ഷേപകരെ ഔദ്യോഗികമായി അറിയിച്ചു.
ധനസഹായം നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഡിവിഡന്റിന്റെ ഒരു ശതമാനം സര്‍ക്കാര്‍ വിഹിതം ലഭ്യമാകാത്തതാണ് വിതരണം തടസ്സപ്പെടാന്‍ കാരണമെന്ന് ബോര്‍ഡ് നിക്ഷേപകര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ആയുഷ്‌കാല സമ്പാദ്യവും സര്‍ക്കാര്‍ ഗ്യാരണ്ടിയും
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികള്‍ക്ക് റിട്ടയര്‍മെന്റ് കാലത്ത് സുരക്ഷിതമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വാസമര്‍പ്പിച്ചാണ് ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികള്‍ ആയുഷ്‌കാല സമ്പാദ്യം നിക്ഷേപിച്ചത്. എന്നാല്‍ മുന്‍കൂട്ടി അറിയിപ്പില്ലാതെ ലാഭവിഹിതം മുടങ്ങിയത് പ്രവാസി കുടുംബങ്ങളുടെ കുടുംബ ബഡ്ജറ്റുകളെ പൂര്‍ണ്ണമായും താളംതെറ്റിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റിലെ പോരായ്മകളാണോ പ്രവാസികളുടെ ക്ഷേമ ഫണ്ടിനെ ബാധിച്ചതെന്ന ആശങ്കയും ഇതോടെ സജീവമായിട്ടുണ്ട്. നിക്ഷേപിച്ച തുക ഇനി സുരക്ഷിതമായിരിക്കുമോ എന്ന കാര്യത്തിലും നിക്ഷേപകര്‍ക്കിടയില്‍ സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
ആകര്‍ഷകമായ വ്യവസ്ഥകളും നിക്ഷേപ രീതിയും
പ്രവാസികള്‍ക്ക് 3 ലക്ഷം രൂപ മുതല്‍ പരമാവധി 51 ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിയിരുന്നത്. നിക്ഷേപ തുകയ്ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം വാര്‍ഷിക ഡിവിഡന്റായിരുന്നു വാഗ്ദാനം. പദ്ധതിയില്‍ ചേരുന്ന ആദ്യത്തെ മൂന്ന് വര്‍ഷം നിക്ഷേപകന് ഡിവിഡന്റ് ലഭിക്കില്ല. ഈ മൂന്ന് വര്‍ഷത്തെ ലാഭവിഹിതം പ്രധാന നിക്ഷേപ തുകയോട് ചേര്‍ത്ത് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചത്. നാലാം വര്‍ഷം മുതല്‍ ആകെ തുക കണക്കാക്കി പ്രതിമാസ ഡിവിഡന്റ് നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുമെന്നായിരുന്നു പ്രധാന ഉറപ്പ്.

ആജീവനാന്ത സുരക്ഷയും തുക തിരികെ ലഭിക്കലും
നിക്ഷേപകന്റെ ജീവിതാവസാനം വരെ പ്രതിമാസ വരുമാനം ലഭിക്കും എന്നതാണ് പ്രവാസികളെ പദ്ധതിയിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം. നിക്ഷേപകന്‍ മരണപ്പെട്ടാല്‍ ജീവിതപങ്കാളിക്ക് മരണം വരെ മാസവരുമാനം തുടര്‍ന്നും ലഭിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. നിക്ഷേപകന്റെയും പങ്കാളിയുടെയും കാലശേഷം അവരുടെ നിയമപരമായ അവകാശിക്ക് നിക്ഷേപ തുക പൂര്‍ണ്ണമായും തിരികെ നല്‍കുമെന്നതായിരുന്നു പദ്ധതിയുടെ സുരക്ഷാ വാഗ്ദാനം. എന്നാല്‍ മാസവരുമാനത്തിന് അര്‍ഹരായവര്‍ക്ക് ഇപ്പോള്‍ തന്നെ കുടിശ്ശികയും വിതരണത്തില്‍ കാലതാമസവും നേരിട്ടു തുടങ്ങിയതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രവാസി സമൂഹത്തില്‍ നിന്ന് ഉയരുന്നത്.

സമാഹരിച്ചത് 331 കോടി രൂപ
2019 സെപ്റ്റംബര്‍ 2ലെ ഗസറ്റ് വിജ്ഞാപനം വഴി ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ് പദ്ധതിക്ക് രൂപം നല്‍കിയത്. സര്‍ക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തമുള്ളതിനാല്‍ ഇടതുപക്ഷ അനുഭാവികളായ പ്രവാസികളും വിദേശ രാജ്യങ്ങളിലെ വന്‍കിട മലയാളി സംരംഭകരും പദ്ധതിയില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വികസന ഏജന്‍സിയായ കിഫ്ബി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 331 കോടി രൂപയാണ് പ്രവാസി ഡിവിഡന്റ് സ്‌കീമിലൂടെ ഇതുവരെ സമാഹരിച്ചത്. ഈ തുക പ്രധാനമായും കിഫ്ബി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ സ്വീകരിച്ച തുകയുടെ വിതരണം മുടങ്ങിയ സാഹചര്യത്തില്‍, വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണമെന്നും മുടങ്ങിയ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






