
റിയാദ്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രക്യാപിച്ച് സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്‌സ് തയ്യാറാക്കിയ ഡോകുമെന്ററി പ്രകാശനം ചെയ്തു. നാല് ഭാഗങ്ങളായി തയ്യാറാക്കിയ ഡോകുമെന്ററിയുടെ ആദ്യ ഭാഗമാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രകാശനം ചെയ്തത്.
‘ഫലസ്തീന്‍: അണയാത്ത മെഴുകുതിരി’ എന്ന പ്രമേയത്തിലാണ് ഡോകുമെന്ററി. മസ്ജിദുല്‍ അക്‌സയുടെ പവിത്രതയും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും വിശദീകരിക്കുന്നതാണ് ഡോകുമെന്ററി. മസ്ജിദിനെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്നും ഇസ്രായേല്‍ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനു സൗദി ഭരണാധികാരികളുടെ പ്രതിബദ്ധതയും ജനങ്ങളുടെ താല്‍പര്യവും ഡോകുമെന്ററി വിശദീകരിക്കുന്നു.

സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് ഫലസ്തീനികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. അവരുടെ മുറിവുണക്കുകയും ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്ത രാജാവായിരുന്നു. അമേരിക്കയിലെയും യൂറോപിലേയും ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായുളള ചര്‍ച്ചകളില്‍ അറബ്, ഇസ്ലാമിക ലോകത്തിന്റെ മാതൃ പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതള്‍ സംബന്ധിച്ച് സൗദി അറേബ്യ ഊന്നിപ്പറഞ്ഞ ചരിത്ര നിമിഷങ്ങളും ഡോകുമെന്ററി വിശകലനം ചെയ്യുന്നുണ്ട്.

1948ല്‍ ഇസ്രായേല്‍-അറബ് യുദ്ധത്തില്‍ പങ്കെടുത്ത സൗദി സൈനികരുടെ മുന്നേറ്റവും സൈനിക തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സൗദി ആര്‍മി കമാണ്ടര്‍ സയീദ് അല്‍ കുര്‍ദി സൈനികര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്ന ചിത്രം, സൗദി ഭരണാധികാരികളുടെ ചിത്രങ്ങളും ഡോകുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
