Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

‘പ്രവാസി പച്ചപ്പ്’ കാമ്പയിനുമായി പ്രവാസി സാംസ്‌കാരിക വേദി

റിയാദ്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി റിയാദ് പ്രവാസി സാംസ്‌കാരിക വേദയി കാമ്പയിന്‍ ആരംഭിച്ചു. ‘പ്രവാസി പച്ചപ്പ്’ എന്ന പ്രമേയിത്തില്‍ നടത്തുന്ന കാമ്പയിന്‍ നോവലിസ്റ്റ് കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

നാഗരികതയും ഗ്രാമീണ സൗന്ദര്യവും തമ്മിലുള്ള വൈജാത്യങ്ങള്‍ ശോഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ക്രീറ്റ് കാടുകള്‍ തഴച്ചു വളര്‍ന്നു പതിനഞ്ചു വര്‍ഷത്തിനകം കേരളം ഒറ്റ നഗരമായി മാറും. പരിസ്ഥിതി സ്‌നേഹവും ആചരണവുമെല്ലാം വഴിപാടുകളായി മാറി. പാരിസ്ഥിതിക പഠനങ്ങള്‍ കേവലം അക്കാദമിക വിഷയങ്ങളായി ചുരുങ്ങി. സൈലന്റ് വാലി, മാവൂര്‍ ഗോളിയോര്‍ റയോണ്‍സ്, എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട തുടങ്ങി പാരിസ്ഥിതിക വിഷയങ്ങളില്‍ പോരാട്ടത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച കല്‍പ്പറ്റ നാരായണന്‍ ഭൂമി മറ്റ് ജീവജാലങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും പറഞ്ഞു.

കേരളത്തില്‍ മരണവും രോഗാതുരതയും വര്‍ധിക്കുന്നു. ഇതിന് കാരണം ഭക്ഷ്യവിഷബാധയാണ്. പരിശോധനകളില്ലാതെയാണ് പഴങ്ങളും പച്ചക്കറികളും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നത്. മനുഷ്യരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നതാണ് വഴിയോരങ്ങളില്‍ തഴച്ചുവളരുന്ന ഹോട്ടലുകള്‍. ഇന്ന് ‘രുചി’യാണ് പ്രധാനം, ആരോഗ്യത്തെ പരിഗണിക്കുന്നതേ ഇല്ല. കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയുമാണ് കല്‍പറ്റ നാരായണന്‍ കേരളത്തിന്റെ വര്‍ത്തമാന പരിസ്ഥിതി വിചാരങ്ങള്‍ പങ്കുവെച്ചത്.

പ്രവാസി സാംസ്‌കാരിക വേദി പ്രസിഡന്റ് സാജു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് എ.കെ കാമ്പയിന്‍ പദ്ധതികള്‍ വിശദീകരിച്ചു. അമ്മു എസ് പ്രസാദ്, ബരിഷ് ചെമ്പകശ്ശേരി എന്നിവര്‍ കവിതകള്‍ ആലപിച്ചു. അഡ്വ.റെജി സ്വാഗതവും ജാസ്മിന്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു. നൈസി സജ്ജാദ് അവതാരകയായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top