റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ മോചനം കാത്ത് അല്‍ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെതിരെ ആസൂത്രിത കൊലപാതകം നടത്തി എന്നതിന് കുറ്റപത്രത്തിലുളളത് ഏഴ് കണ്ടെത്തലുള്‍. പബ്‌ളിക് റൈറ്റ് പ്രകാരമുളള ശിക്ഷ സംബന്ധിച്ച് ഇന്ന് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ കണ്ടെത്തലുകളാണ് റഹീമിന് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ കേസ് വിശദമായി പഠിക്കാന്‍ സമയം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിയ്ക്കും.
കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ കണ്ണിചേര്‍ത്താണ് പ്രോസിക്യൂഷന്‍ കുറ്റപത്രം തയ്യാറാക്കിയത്. കുറ്റ സമ്മത മൊഴി, റഹീമിനെതിരെ രണ്ടാം പ്രതി നസീര്‍ നല്‍കിയ മൊഴി, അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴി, ഫോറന്‍സിക് പരിശോധന, മെഡിക്കല്‍ റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്നിവയെല്ലാം വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ സമഗ്രമായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ തന്നെയാണ് ഇന്നു കോടതി പരിശോധിച്ചത്.
മനപ്പൂര്‍വ്വം കൊലപാതകം നടത്തിയിട്ടില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മരിച്ച ബാലനുമായി മുന്‍വൈരാഗ്യം ഇല്ലെന്നും റഹീം ബോധിപ്പിച്ചു. മരിക്കണമെന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ല. അംഗപരിമിതിയുളള ബാലന്‍ തുടരെ മുഖത്തേയ്ക്ക് തുപ്പിയപ്പോള്‍ സ്വാഭാവികമായി കൈകൊണ്ടു തടയുക മാത്രമാണ് ചെയ്തതെന്നു റഹീം ഇന്നും ആവര്‍ത്തിച്ചു കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളാണ് റഹീമിന് തിരിച്ചടിയായത്.
പ്രൈവറ്റ് റൈറ്റ് പ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ മാപ്പുനല്‍കാനുളള അവകാശം ഇരകള്‍ക്കും അവരുടെ അനന്തരാവകാശികള്‍ക്കുമാണ്. ഇത്തരത്തില്‍ ദിയാ ധനം സ്വീകരിച്ചും അല്ലാതെയും മാപ്പുനല്‍കാറുണ്ട്. എന്നാല്‍ പബ്‌ളിക് റൈറ്റ് പ്രകാരം പ്രോസിക്യൂഷന്‍ വാദങ്ങള്‍ പരിശോധിച്ചാണ് കോടതി ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിശോധിച്ച് അബ്ദുല്‍ റഹീമിനോട് മാത്രമാണ് ഇന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചത്. വധശിക്ഷയ്ക്കു കാരണമായ ഏഴ് കണ്ടെത്തലുകള്‍ ഇന്നും കോടതി റഹീമിനോട് ചോദിച്ചു. വിചാരണ വേളയില്‍ നല്‍കിയ ഉത്തരങ്ങള്‍ തന്നെ റഹീം ആവര്‍ത്തിച്ചു.
വധശിക്ഷ റദ്ദാക്കിയ റിയാദ് ക്രിമിനല്‍ കോടതിയിലെ ഡിവിഷന്‍ ബഞ്ചാണ് പ്രോസിക്യൂഷന്‍ വാദങ്ങളും റഹീമിന്റ മറുപടിയും കേട്ടത്. കേസ് വിശദമായി പഠിച്ച് അടുത്ത മാസം ആദ്യം കേസ് പരിഗണിയ്ക്കുമ്പോള്‍ പബ്‌ളിക് റൈറ്റ് പ്രകാരം കൂടുതല്‍ കാലം തടവു ശിക്ഷ വിധിക്കുകയോ മോചന ഉത്തരവ് പുറപ്പെടുവിയ്ക്കുകയോ ചെയ്യും. അതേസമയം, റഹീം സ്ഥിരം കുറ്റവാളിയല്ല. മറ്റു കേസുകളില്‍ പ്രതിയുമല്ല. മാത്രമല്ല, 18 വര്‍ഷമായി തുടരുന്ന തടവ് പബ്‌ളിക് റൈറ്റ് പ്രകാരമുളള ശിക്ഷയായി പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.