Sauditimesonline

prof
കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സമീപനം നിര്‍ണായകം: പ്രൊഫ. ജയശ്രീ

പ്രയാണത്തിന്റെ താളങ്ങളില്‍ പ്രതിഭകളുടെ പാദമുദ്ര; കലാലയം സാഹിത്യോത്സവിന് സമാപനം

മക്ക: സൗദി വെസ്റ്റ് നാഷനല്‍ കലാലയം സംസ്‌കാരിക വേദി പതിനഞ്ചാമത് സാഹിത്യേത്സവ് സമാപിച്ചു. ‘പ്രയാണം’ എന്ന പ്രമേയത്തില്‍ കലയുടെ നിറക്കൂട്ടുകള്‍ക്ക് നിറം പകര്‍ന്ന സാഹിത്യോത്സവ് കെട്ടിലും മട്ടിലും പുതുമകള്‍ നിറഞ്ഞതായി. യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ മത്സരിച്ച് ജയിച്ച പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. രജിസ്‌ട്രേഷന്‍ മുതല്‍ വിധിനിര്‍ണയം, ഫലപ്രഖ്യാപനം വരെ പൂര്‍ണ്ണമായും ഡിജിറ്റല്‍വത്കരിച്ച ‘പേപ്പര്‍ലെസ് സാഹിത്യോത്സവ്’ ആയിരുന്നു ഇത്തവണത്തെ പ്രത്യേകത.

മക്കയിലെ അന്തലുസ് ഓഡിറ്റോറിയത്തില്‍ നടന്ന കലാ വിരുന്നില്‍ ജിസാന്‍, തായിഫ്, അല്‍ബഹ, മദീന, യാമ്പു, അസീര്‍, ജിദ്ദ സിറ്റി, ജിദ്ദ നോര്‍ത്ത്, മക്ക, റാബിഗ്, തുടങ്ങി 11 സോണില്‍ നിന്നെത്തിയ 300 മത്സരാര്‍ഥികള്‍ മാറ്റുരച്ചു. 259 പോയിന്റ് നേടി ജിസാന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ജിദ്ദ സിറ്റി രണ്ടാം സ്ഥാനവും (196 പോയിന്റ്), മദീന മൂന്നാം സ്ഥാനവും (151 പോയിന്റ്) നേടി. ക്യാമ്പസ് വിഭാഗത്തില്‍ 86 പോയിന്റ് നേടി ജിദ്ദ നോര്‍ത്ത് ചാമ്പ്യന്‍മാരായി. 55 പോയിന്റ് നേടി മക്ക രണ്ടാം സ്ഥാനവും, 49 പോയിന്റ് നേടി അസീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലാ പ്രതിഭയായി ജിസാന്‍ സോണിലെ മുഹമ്മദ് റബീഹ് നെയും സര്‍ഗ പ്രതിഭയായി മദീന സോണിലെ ആസിഫിനെയും തെരഞ്ഞെടുത്തു. വനിത വിഭാഗത്തില്‍ മദീന സോണിലെ മുംതാസ് ആണ് നിന്നും സര്‍ഗപ്രതിഭ.

സാംസ്‌കാരിക സമ്മേളനത്തില്‍ ആര്‍എസ്‌സി നാഷനല്‍ സെക്രട്ടറി സയ്യിദ് ശബീറലി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ കലകള്‍ക്കുള്ള പ്രാധാന്യവും അതില്‍ സാഹിത്യോത്സവ് വഹിക്കുന്ന പങ്കും നിസ്തുലമെന്ന് അദ്ദേഹം പറഞ്ഞു. ഐസിഎഫ് നാഷനല്‍ പ്രസിഡന്റ് സിറാജ് കുറ്റിയാടി മുഖ്യ പ്രഭാഷണവും ഗ്ലോബല്‍ കലാലയം സെക്രട്ടറി മുഹമ്മദലി പുത്തൂര്‍ സന്ദേശ പ്രഭാഷണവും നടത്തി.

സാഹിത്യോത്സവ് സംഘാടക സമിതി ജനറല്‍ കണ്‍വീനറും കെഎംസിസി നാഷനല്‍ കമ്മറ്റി പ്രസിഡന്റുമായ കുഞ്ഞിമോന്‍ കാക്കിയ, സലീം കണ്ണനാംകുഴി (ഒഐസിസി), ഷംസു തുറയില്‍ (നവോദയ ), മുസ്തഫ മലയില്‍ (കെഎംസിസി), നൗഷാദ് പെരിന്താറ്റിരി (ഒഐസിസി), ഷമീം നരിക്കുനി (കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കബീര്‍ ചൊവ്വ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് ഉപഹാരവും സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top