Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

പ്രാരബ്ദങ്ങളുടെ ഭാണ്ഡക്കെട്ട് പേറുമ്പോഴും പ്രവാസികള്‍ മാനവികത മുറുകെ പിടിക്കുന്നവര്‍: ഷഹനാസ്

റിയാദ്: സമഭാവനയുടെ സന്ദേശവും കരുതലിന്റെ കരുത്തും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ‘മഹര്‍ജാന്‍ മലയാളം’ എന്ന പേരിലൊരുക്കിയ പരിപാടിയില്‍ പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. മലയാളികള്‍ എവിടെ പോയാലും ഒപ്പം കൊണ്ടുനടക്കുന്ന വികാരമാണ് ഓണം. പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടേറി പ്രവാസത്തിലാകുമ്പോഴും ഓണമോര്‍മ്മ ഒപ്പമുണ്ടാകും. അതുകൊണ്ടാണ് ചിങ്ങം കഴിഞ്ഞ് കൃസ്തുമസ് എത്തിയാലും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഓണം പ്രവാസ ലോകത്ത് ആഘോഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ചവിട്ടിത്താഴ്ത്തിയ ഒരുവന്റെ ഓര്‍മ പുതുക്കലാണ് ഓണം. കലങ്ങിപ്പെയ്യുന്ന കര്‍ക്കിടകം ചവിട്ടിയരച്ച ഒരുപറ്റം മനുഷ്യരുടെ വിങ്ങുന്ന ഓര്‍മകളോടെയാണ് ഈ വര്‍ഷത്തെ ഓണാഘോഷം. ദുഖത്തിന്റെ അവസ്ഥയിലും ആഘോഷങ്ങളെ കൈനീട്ടി സ്വീകരിക്കാന്‍ മനുഷ്യ മനസ്സിന് പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെ അതിജീവിച്ച് മുന്നേറാന്‍ കഴിയും.

ഓണം ആര്‍ട്ടിഫിഷ്യലാവുകയും പ്ലാസ്റ്റിക് പൂക്കളം ഒരുക്കുകയും ചെയ്യുന്ന കാലമാണിത്. എന്നാല്‍ അതില്‍ നിന്ന് മാറി ചിന്തിക്കുന്നവരാണ് പ്രവാസികള്‍. മാനവികത മുറുകെ പിടിച്ച് ജാതിയും മതവും വര്‍ഗവും അതിര്‍ വരമ്പുകള്‍ സൃഷ്ടിക്കാതെ വരും തലമുറയ്ക്കു പകര്‍ന്നു നല്‍കാന്‍ പ്രവാസികള്‍ക്കു കഴിയുന്നുണ്ടെന്നും ഷഹനാസ് പറഞ്ഞു.

നജിം കൊച്ചുകലുങ്ക് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ടിഎം അഹമദ് കോയ, നവാസ് റഷീദ്, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈദേഹി നൃത്തവിദ്യാലയം അവതരിപ്പിച്ച കേരളീയം നൃത്താവിഷ്‌കാരം, ജലീല്‍ കൊച്ചിന്‍, അല്‍താഫ് കാലിക്കറ്റ്, ലെനറ്റ് സക്കറിയ എന്നിവര്‍ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. ഷംനാദ് കരുനാഗപ്പളളി സ്വാഗതവും നൗഫല്‍ പാലക്കാടന്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് നാദിര്‍ഷാ റഹ്മാന്‍, സുലൈമാന്‍ ഊരകം, ജയന്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, മുജീബ് ചങ്ങരംകുളം, കനകലാല്‍, ഹാരിസ് ചോല, ഷിബു ഉസ്മാന്‍, ഷമീര്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top