Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

പശ്ചിമേഷ്യയില്‍ ‘സമാധാന പാത’; വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് തുറന്നു

നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കി ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറന്നു കൊടുത്തു. ലെബനനിലെ പത്തു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് സുപ്രധാന പ്രഖ്യാപനം. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ സഞ്ചാരത്തിന് തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ചത്. വാണിജ്യ കപ്പലുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും സൈനിക കപ്പലുകള്‍ക്ക് വിലക്കുതുടരുമെന്നും ഇറാന്‍ വ്യക്തമാക്കി. മാത്രമല്ല, ഇറാന്റെ തീരക്കടലിനോട് ചേര്‍ന്നുള്ള പ്രത്യേക ജലപാതയില്‍ മാത്രമേ കപ്പലുകള്‍ സഞ്ചരിക്കാവൂ. കപ്പലുകളുടെ യാത്ര ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ഏകോപിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, ഇറാന് മേല്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ കാരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഭാവിയില്‍ ഇറാന്‍ ഒരു ആയുധമായി ഹോര്‍മുസ് ഉപയോഗിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രസിഡന്റ് കുറിച്ചു.

ഹോര്‍മുസ് കടലിടുക്ക് തുറന്നത് ആഗോള സാമ്പത്തിക വിപണിയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കും. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 13 ശതമാനം ഇടിവുണ്ടായി. ബാരലിന് 110 ഡോളര്‍ വരെ എത്തിയ വില ഇതോടെ 86.30 ഡോളറിലേക്ക് താഴ്ന്നു. യുഎസ് ഓഹരി വിപണി ഉള്‍പ്പെടെയുള്ള ആഗോള വിപണികളും ഉണര്‍ന്നു. യുദ്ധഭീതി ഒഴിയുന്നത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസവും പകരുന്നതാണ്.

ലെബനനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ഇറാന്റെ ആവശ്യം ഇസ്രായേല്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ഹോര്‍മുസ് തുറക്കാന്‍ തയ്യാറായത്. ഇത് ഇറാന്റെ തന്ത്രപരമായ വിജയമാണെന്ന് വിലയിരുത്തുന്നു. എന്നാല്‍ ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധവും സാമ്പത്തിക സമ്മര്‍ദ്ദവും ഇറാന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിന്റെ 20 ശതമാനം എണ്ണ കടന്നുപോകുന്ന ഹോര്‍മുസ് തുറന്നത് ഊര്‍ജ്ജ പ്രതിസന്ധിക്കു വലിയ ആശ്വാസമാകും. ഇസ്‌ലാമാബാദില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചകളോടെ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top