റിയാദ്: കിങ് അബ്ദുല്‍ അസീസ് ഗതാഗത പദ്ധതിയുടെ ഭാഗമായ ബസ് സര്‍വിസ് ആരംഭിച്ചു. ആദ്യ ഘട്ടം 15 റൂട്ടുകളില്‍ 340 ബസുകളാണ് സര്‍വീസ് ആരംഭിച്ചത്. പച്ച നിറത്തില്‍ റിയാദ് മെട്രോ ലോഗോയുളള ബസുകള്‍ നിരത്തിലിറങ്ങിയതോടെ സര്‍വിസ് നടത്തിയിരുന്ന സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ (സാപ്റ്റ്‌കോ) ചുവന്ന ബസുകള്‍ സിറ്റി സര്‍വീസില്‍ നിന്ന് ഒഴിവാക്കി.
നാല് റിയാലാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടന ദിവസം സൗജന്യ യാത്ര അനുവദിച്ചിരുന്നു. ബസ് സ്‌റ്റോപ്പുകളിലെ വെന്റിങ് മെഷീനുകളില്‍ സമാര്‍ട്ട് കാര്‍ഡ് രൂപത്തിലുളള ടിക്കറ്റ് നേടാം. റിയാദ് മെട്രോക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാര്‍ഡ് ‘ദര്‍ബ്’ എന്ന പേരിലാണ് അറിയപ്പെടുക. കാര്‍ഡിന്റെ വില 10 റിയാലാണ്. വെന്റിങ് മെഷീനില്‍ 10 റിയാല്‍ നല്‍കി കാര്‍ഡ് നേടിയാല്‍ അഞ്ച് റിയാല്‍ മുതല്‍ 150 റിയാല്‍ വരെ അതില്‍ ടോപ്പ് അപ്പ് ചെയ്യാം. റിയാദ് മെട്രോ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴിയും കാര്‍ഡ് വാങ്ങാം.
ബസിലെ പൊസ് മെഷീനില്‍ ബാങ്ക് എ.ടി.എം കാര്‍ഡ് സ്വയിപ്പ് ചെയ്തും ടിക്കറ്റെടുക്കാം. ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. ബസിനുള്ളില്‍ അത്യാധുനിക സ്‌റ്റോപ്പുകളുടെ പേരും അവിടേക്കുള്ള ദൂരവും ഡിജിറ്റല്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. 15 റൂട്ടുകളില്‍ 633 ബസ് സ്‌റ്റോപ്പുകളെ ബന്ധിപ്പിച്ചാണ് സര്‍വിസ്. അഞ്ചുഘട്ടമായുള്ള പദ്ധതി പൂര്‍ത്തിയായാല്‍ 86 റൂട്ടുകളിലായി 800 ബസുകള്‍ നഗരത്തെ എല്ലാ മേഘലകളെയും ബന്ധിപ്പിക്കും. അതോടെ ബസ് സ്‌റ്റോപ്പുകളുടെ എണ്ണം 2,900 ആയി ഉയരും.
പൊതുഗതാഗതം ശക്തിപ്പെടുത്തി സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് നഗരത്തെ ഗതാഗത കുരുക്കുകളില്‍നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. മാത്രമല്ല, പരിസ്ഥിതി സൗഹൃദ ബസുകളാണ് ഉപയോഗിക്കുന്നത്. ഇത് അന്തരീക്ഷ മലിനീകരണം കുറക്കുകയും ചെയ്യും.
റിയാദ് മെട്രോ റെയില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ റിയാദ് നഗരത്തില്‍ അതിവേഗം എത്തിച്ചേരാന്‍ കിംഗ് അബ്ദുല്ല ഗതാഗത പദ്ധതിക്ക് കഴിയും. ആറ് ലൈനുകളില്‍ 176 കിലോമീറ്റര്‍ ദൈര്‍ഘ്യവും 85 സ്‌റ്റേഷനുകളുമാണ് മെട്രോ ട്രെയിന്‍ പദ്ധതിയുടെ പ്രത്യേകത. ബസ് സര്‍വീസുകളുടെ മറ്റ് റൂട്ടുകളിലേക്കുളള സര്‍വീസ് അടുത്ത വര്‍വഷം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.