റിയാദ്: ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി സ്‌കൂട്ടറില്‍ ലോകംചുറ്റുന്ന കാസര്‍കോഡ് സ്വദേശികള്‍ റിയാദിലെത്തി. ഇവര്‍ക്ക് സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് സ്വീകരണം നല്‍കി.
2000 മോഡല്‍ ബജാജ് ചേതക് സ്‌ക്യൂട്ടറിലാണ് യുവാക്കളായ അഫ്‌സല്‍, ബിലാല്‍ എന്നിവര്‍ റിയാദിലെത്തിയത്. 16,800 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് ഇവര്‍ യുഎഇയില്‍ നിന്ന് ഒമാന്‍ വഴി സൗദിയിലെത്തിയത്. മലാസ് കിങ് അബ്ദുള്ള പാര്‍ക്ക് പരിസരത്ത് റിയാദ് ടാക്കിസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ലഹരിയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദുരന്തം ഒഴിവാക്കുന്നതിന് ഒരുമിച്ചുളള പോരാട്ടം ആവശ്യമാണ്. ഇതിനുളള ബോധവത്ക്കരണമാണ് സഞ്ചാരത്തിന്റെ ലക്ഷ്യമെന്ന് അഫ്‌സലും ബിലാലും പറഞ്ഞു.
ദിവസം 300 മുതല്‍ 350 കിലോമീറ്റര്‍ വരെയാണ് യാത്ര. പഴയ സ്‌കൂട്ടറിന് ശരാശരി0 70-80 കിലോമീറ്റര്‍ വേഗതയാണുളളത്. യാത്രയില്‍ തടസ്സങ്ങള്‍ ഉണ്ടായില്ലെന്നും സ്‌നേഹവും കരുതലും മാത്രമാണ് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു,
റിയാദില്‍ നിന്ന് ജിദ്ദ വഴി ജോര്‍ദാനിലേക്ക് പോകും. വീണ്ടും സൗദി അതിര്‍ത്തി വഴി ദമ്മാം പ്രവിശ്യ സന്ദര്‍ശിച്ച് ബഹ്‌റൈനിലെത്തും. ഖത്തര്‍ സന്ദര്‍ശിക്കുന്നതിനും ഇവര്‍ വിസ നേടിയിട്ടുണ്ട്.
സ്വീകരണ യോഗം നസ്‌റുദ്ദീന്‍ വി ജെ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. നവാസ് ഒപ്പീസ്, കോഡിനേറ്റര്‍ ഷൈജു പച്ച, ജോയിന്റ് സെക്രട്ടറിമാരായ ഷമീര്‍ കല്ലിങ്ങല്‍, സജീര്‍ സമദ്, വൈസ് പ്രസിഡന്റ് നബീല്‍ ഷാ, നാദിര്‍ഷ റഹ്മാന്‍, സുലൈമാന്‍ വിഴിഞ്ഞം എന്നിവര്‍ യശംസകള്‍ നേര്‍ന്നു. ഷഫീക് പാറയില്‍ സ്വാഗതവും സിജോ മാവേലിക്കര നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.