
\റിയാദ്: സംഘപരിവാര് ശക്തികള് അവരുടെ അധികാരം നിലനിര്ത്തുന്നതിന് വേണ്ടിയാണ് എസ്ഐആറും പൗരത്വ ഭേദഗതി നിയമങ്ങളും ഉള്പ്പെടെയുള്ളവ ഉപയോഗിക്കുന്നതെന്ന് ബീഹാറിലെ കിഷന്ഗഞ്ച് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഖുര്ത്വുബ വെല്ഫെയര് ഫൗണ്ടേഷന് സ്ഥാപകനും ഡയറക്ടറുമായ ഡോ. സുബൈര് ഹുദവി ചേകന്നൂര് പറഞ്ഞു. റിയാദ് കെഎംസിസി സെന്ട്രല് കമ്മിറ്റി ബത്ഹ ഓഫീസില് സംഘടിപ്പിച്ച ‘ജന്ദര് മന്ദിര്.02’ സമരസംഗമത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബാബറി മസ്ജിദ് തകര്ത്തതും ഗുജറാത്ത്, മുസാഫര് നഗര് കലാപങ്ങളുമെല്ലാം സംഘപരിവാറിന് അധികാരം നേടാനുള്ള വഴികളായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ ജനാധിപത്യ സംവിധാനം തകര്ക്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്. ജന്ദര് മന്ദിര് സമരങ്ങളുടെ നേതൃനിരയില് പുതിയ തലമുറയുടെ സാന്നിധ്യം ഉയര്ന്നുവരുന്നത് ബിജെപി സര്ക്കാരിനെ അലോസരപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദു സമൂഹത്തില്നിന്ന് തന്നെ വലിയ രീതിയിലുള്ള എതിര്പ്പാണ് ഭരണകൂടം നേരിടുന്നത്. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ആര്എസ്എസ് അജണ്ട ഒരുകാലത്തും ഇന്ത്യയില് നടപ്പിലാക്കാന് കഴിയില്ല. രാജ്യത്തിന്റെ വൈവിധ്യങ്ങള് അതിന് തടസ്സമാണ്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിലും മുസ്ലിം സമൂഹത്തിനിടയില് ഏറ്റവും കൂടുതല് വിദ്യാഭ്യാസ, സാമൂഹിക പരിഷ്കരണ പ്രവര്ത്തനങ്ങള് നടക്കുന്ന രാജ്യം ഇന്ത്യയാണ്. കൂടുതല് ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും പഠനങ്ങളുമെല്ലാം ഉണ്ടാകുന്നത് പ്രതീക്ഷ നല്കുന്നതാണെന്നും സുബൈര് ഹുദവി കൂട്ടിച്ചേര്ത്തു. ബീഹാറിലെ കിഷന്ഗഞ്ച് കേന്ദ്രീകരിച്ച് ഒന്പത് വര്ഷമായി നടത്തുന്ന പ്രവര്ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.

സെന്ട്രല് കമ്മിറ്റി ജനറല് സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. ഗ്രേസ് എജ്യുക്കേഷണല് അസോസിയേഷന് ജനറല് സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങള് ചെട്ടിപ്പടി സംഗമം ഉദ്ഘാടനം ചെയ്തു. ഉസ്മാന് അലി പാലത്തിങ്ങല്, അബ്ദുറഹ്മാന് അറക്കല്, സത്താര് താമരത്ത്, യു പി മുസ്തഫ, ജലീല് തിരൂര്, മുഹമ്മദ് വേങ്ങര, മൊയ്തീന് കുട്ടി തെന്നല, റഫീഖ് മഞ്ചേരി, നാസര് മാങ്കാവ്, സിറാജ് മേടപ്പില് എന്നിവര് പ്രസംഗിച്ചു. ജാഫര് തങ്ങള് കൊടുവള്ളി ഖുര്ആന് പാരായണം നടത്തി. സെക്രട്ടറി ഷാഫി മാസ്റ്റര് തുവ്വൂര് സ്വാഗതവും ഷമീര് പറമ്പത്ത് നന്ദിയും പറഞ്ഞു.
വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






