റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ഡിജിറ്റല്‍ പരിവര്‍ത്തനം വഴി പ്രതിവര്‍ഷം 1700 കോടി റിയാല്‍ ലാഭിക്കാന്‍ കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാജ രേഖ നിര്‍മാണം, കരാര്‍ രജിസ്‌ട്രേഷന്‍ എന്നിവയിലെ കൃത്രിമം തടയാന്‍ ഡിജിറ്റലൈസേഷന് കഴിഞ്ഞിട്ടുണ്ട്. ഇടപാടുകാര്‍ക്ക് സമയം അധ്വാനം എന്നിവ ലഘൂകരിക്കാനും സാധിച്ചു. 55.9 കോടി പേപ്പറുകള്‍ ലാഭിച്ചതുവഴി പരിസ്ഥിതിക്കും മികച്ച നേട്ടമാണ്. 35,000 മരങ്ങള്‍ സംരക്ഷിക്കുന്നതിന് സമാനമാണിതെന്നാണ് കണക്കാക്കുന്നത്.
2018-20 കാലയളവില്‍ 50 കോടി കിലോ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാന്‍ ഡിജിറ്റലൈസേഷന് സാധിച്ചു. പേപ്പര്‍ നിര്‍മാണത്തിന് ആവശ്യമായ 5.1 ട്രില്യണ്‍ ഗാലന്‍ വെള്ളം ലാഭിക്കാനും കഴിഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളും ഇടപാടുകളും സുഗമമാക്കുക, ഇ-സേവനം വിപുലമാക്കുക, സുതാര്യത, തുടങ്ങിയവ ലക്ഷ്യമാക്കി 12 വര്‍ഷം മുമ്പാണ് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയത്.
സുരക്ഷ ശക്തമാക്കാനും കുറ്റകൃത്യങ്ങള്‍ കുറക്കാനും കഴിഞ്ഞു. സിവില്‍, ട്രാഫിക് സുരക്ഷ വര്‍ധിച്ചു. ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനും പദ്ധതിക്ക് കഴിഞ്ഞു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 2.6 കോടി ജനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം അബ്ശിര്‍ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
റീഎന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, റീഎന്‍ട്രി ദീര്‍ഘിപ്പിക്കുക, പുതിയ ഇഖാമ, ഇഖാമ റിന്യൂവല്‍, ഡ്രൈവിംഗ് ലൈസന്‍സ് റിന്യൂവല്‍, വാഹന രജിസ്‌െ്രേഷന്‍ തുടങ്ങി 350 ലേറെ സേവനങ്ങള്‍ അബ്ശിറില്‍ ലഭ്യമാണ്. ഈ വര്‍ഷം സെപ്തംബര്‍ വരെ അബ്ശിര്‍ വഴി 2.15 കോടിയിലേറെ സേവനങ്ങള്‍ നല്‍കി. വിവിധ സേവനങ്ങള്‍ക്കായി പ്രതിദിനം ശരാശരി 79,000 അപേക്ഷകരാണ് അബ്ശിര്‍ സന്ദര്‍ശിക്കുന്നത്. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്, ട്രാഫിക് ഡയറക്ടറേറ്റ്, സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ ഉള്‍പ്പെടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.