
റിയാദ്: വ്യോമയാന വ്യവസായ മേഖലയില്‍ സൗദി അറേബ്യ 430 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി റിയാദില്‍ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ എര്‍പോര്‍ട്ട് സ്ഥാപിക്കും. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമാണ് പുതിയ പദ്ധതി.

2030 ആകുന്നതോടെ രാജ്യത്ത് 100 ദശലക്ഷം വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയാണ് വ്യോമയാന രംഗത്ത് വന്‍ നിക്ഷേപത്തിന് പദ്ധതി തയ്യാറാക്കിയിട്ടുളളത്. പുതിയ എയര്‍പോര്‍ട്ടിന് പുറമെ എയര്‍ലൈന്‍ കമ്പനിയും സ്ഥാപിക്കും. ദേശീയ വിമാന കമ്പനി സൗദി എയര്‍ലൈന്‍സിനെ മക്ക, മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളെ ലക്ഷ്യമാക്കി ഇസ്‌ലാമിക് ടൂറിസത്തിന് ഉപയോഗിക്കും. നാഷണല്‍ പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് വ്യോമയാന മേഖലയില്‍ നിക്ഷേപം നടത്തുക.
വിനോദ സഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമാണ് രാജ്യത്ത് നടക്കുന്നത്. നിയോം സിറ്റി, ഖിദ്ദിയ വിനോദ നഗരം, അല്‍ ഊല പൈതൃക നഗരം തുടങ്ങി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വന്‍ നിക്ഷേപ പദ്ധതികളാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യോമയാന മേഖല വികസിപ്പിക്കേണ്ട ആവശ്യം പരിഗണിച്ചാണ് പുതിയ നിക്ഷേപം.





