നൗഫല്‍ പാലക്കാടന്‍
റിയാദ്: സൗദി ദേശീയ ദിനം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങിയതോടെ വിപണിയും വേദിയും സജീവം. തെരുവും കെട്ടിട സമുച്ചയങ്ങളും ഓഫീസുകളുലും വിദ്യാലയങ്ങളും അലങ്കരിക്കാന്‍ ആവശ്യമായ ഉത്പ്പന്നങ്ങളും വിപണിയില്‍ സുലഭം. റിയാദിലെ പ്രധാന മൊത്ത വിത്പ്പന കേന്ദ്രമായ ദീരയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ദേശീയ ദിനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി സ്‌കൂളുകള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടിയിലേക്കുള്ള വസ്ത്രങ്ങളും രംഗാലങ്കാര വസ്തുക്കളുടെ വില്‍പനയും പൊടിപൊടിക്കുകയാണ്.
സൗദിയില്‍ തന്നെ ഏറ്റവും വലിയ അലങ്കാര വസ്തുക്കളുടെയും കളിപ്പാട്ടങ്ങളുടെയും മൊത്ത വ്യാപാര കേന്ദ്രമായ ദീര മാര്‍ക്കറ്റില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെത്തുന്നുണ്ട്. നഗരത്തിനകത്തെ ചെറുകിട വന്‍കിട വ്യാപാരികളും ദേശീയ ദിന ആഘോഷത്തിനായുള്ള അലങ്കാര വസ്തുക്കള്‍ വാങ്ങാന്‍ അതിരാവിലെ മുതല്‍ ദീര തെരുവിലെത്തുന്നുണ്ട്. വൈകീട്ട് 12 മണി വരെ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിലേക്ക് കുടുംബവുമായി എത്തുന്നവരുടെ എണ്ണവും കൂടുതലാണ്.
രാത്രി ഏറെ വൈകിയാണ് ദീര തിരക്കൊഴിയുന്നത്. കൊടികള്‍, തൊപ്പികള്‍, കുടകള്‍, തോരണങ്ങള്‍, ഷാളുകള്‍, ബലൂണുകള്‍, വിവിധയിനം പോസ്റ്ററുകള്‍, ഭരണാധികാരികളുടെ ചിത്രം പതിപ്പിച്ച ബാനറുകള്‍, രാജ്യത്തിനായി ഭരണാധികാരികള്‍ ചെയ്യുന്ന നന്മക്കും കരുതലിനും നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്ന വാക്കുകളും കവിതകളും എഴുതിയ കൂറ്റന്‍ ഫ്‌ളെക്‌സുകള്‍ എന്നിവക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെ.
നഗരത്തിലെ പ്രധാന സുഗന്ധ ദ്രവ്യ മാര്‍ക്കറ്റും ദീരയാണ്. ആഘോഷ ദിനങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്വദേശികള്‍ സുഗന്ധദ്രവ്യങ്ങള്‍ സമ്മാനിക്കുക പതിവാണ്. രാജ്യത്തിന്റെ സംസ്‌കാരം എന്ന നിലയില്‍ വിദേശികളില്‍ നല്ലൊരു വിഭാഗം ഇത് പിന്തുടരുന്നുണ്ട്. ഓഫീസുകളിലും മേലധികാരികള്‍ക്കും സ്‌നേഹം പങ്കിടാന്‍ മുന്തിയ ഇനം അറേബ്യന്‍ ഊദുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ആകര്‍ഷണീയമായ പാക്കിങ്ങും വിലക്കിഴിവും നല്‍കി പ്രധാന പെര്‍ഫ്യൂം കമ്പനികളും വിപണിയിലുണ്ട്.
സ്ഥാപനങ്ങളും കൂട്ടായ്മകളും സഹപ്രവര്‍ത്തകരെ ഒരുമിച്ച് കൂട്ടി കേക്ക് മുറിക്കുകയും മധുരം കൈമാറുകയും ചെയ്യുന്നത് ആഘോഷദിനങ്ങളില്‍ പതിവാണ്. അതുകൊണ്ട് തന്നെ മധുരപലഹാര വിപണിയിലും തിരക്കനുഭവപ്പെടുന്നുണ്ട്. ഇതിന് പുറമെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ,കോഫീ ഷോപ്പുകള്‍, റസ്‌റ്റോറന്റുകള്‍, ആശുപത്രികളിലെ പരിശോധനകള്‍ തുടങ്ങി എല്ലാ മേഖലകലയിലും മികച്ച ഓഫാറുകളാണ് ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ദേശീയ ദിനം വെള്ളിയാഴ്ച ആയതിനാല്‍ വ്യാഴം അധിക അവധിയുണ്ട്. വ്യാഴം ഉള്‍പ്പടെ മൂന്ന് ദിവസം വരെ പലര്‍ക്കും അവധിയുണ്ട്. ഇത് നഗരത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരത്താനും വിനോദ വാണിജ്യ മേഖല കൂടുതല്‍ സജീവമാകാനും വഴിയൊരുക്കും. നഗരത്തില്‍ നിന്ന് കുടുംബസമേതം വിവിധ പ്രവിശ്യകളിലെ കുടുംബങ്ങളേയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ പോകുന്നവരും കുറവല്ല.
രാജ്യത്തിന്റെ ഇതരഭാഗങ്ങളിലായി വിമാനങ്ങളുടെ ആകാശപ്രകടനം, വെടിക്കെട്ട്, വിഖ്യാത ഗായകരുടെ സംഗീത സദസ്സ്, കവിയരങ്ങ്, അറേബ്യന്‍ പരമ്പരാഗത നിര്‍ത്ത വേദികള്‍, അര്‍ദ തുടങ്ങി വ്യത്യസ്ഥ പരിപാടികളും ആഘോഷത്തിന് മിഴിവേകും. റിയാദ് ബത്ഹ നഗരത്തോട് ചേര്‍ന്നുള്ള ദീരയിലെ മസ്മക് കൊട്ടാരം പച്ചയണിഞ്ഞ് ആഘോഷത്തിനായി ഒരുങ്ങി. മസ്മക് മൈതാനത്ത് പ്രതേകം പരിപാടികളും കൊട്ടാരത്തിന് മുകളിലേക്ക് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന ലൈറ്റ് ഷോയും ഉണ്ടാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.