നസ്‌റുദ്ദീന്‍ വി ജെ
ആണിയും നൂലും ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് രൂപം നല്‍കുന്ന കലയാണ് സ്ട്രിംഗ് ആര്‍ട്ട്. സാധാരണ ജിയോമെട്രിക് പാറ്റേണ്‍ ചിത്രങ്ങളാണ് സ്ട്രിംഗ് ആര്‍ട്ടിസ്റ്റുകള്‍ രൂപകല്പന ചെയ്യുന്നത്. എന്നാല്‍ രൂപവും ഭാവവും ചോരാതെ സൗദി ഭരണാധികാരികളുടെ ചിത്രം തീര്‍ത്തിരിക്കുകയാണ് റിയാദില്‍ പ്രവാസിയായ ഷാജിത്ത് നാരായണന്‍.
ചിത്ര രചനക്ക് ഇരുപതിലധികം ശൈലികള്‍ പ്രചാരത്തിലുണ്ട്. വര്‍ണങ്ങളില്‍ വിരിയുന്ന ദൃശ്യങ്ങള്‍ വിവിധ പ്രതലങ്ങളില്‍ ബ്രഷ് ഉപയോഗിച്ചാണ് പലരും ചിത്രങ്ങള്‍ രചിക്കുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമാണ് സ്ട്രിംഗ് ആര്‍ട്ട്.
ഗണിതശാസ്ത്ര ആശയങ്ങള്‍ കുട്ടികള്‍ക്ക് ഫലപ്രദമായി പഠിപ്പിക്കുന്നതിന് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മേരി എവറസ്റ്റ് ബൂള്‍ ആവിഷ്‌കരിച്ച ‘കര്‍വ് സ്റ്റിച്ച്’ എന്ന കലാരൂപമാണ് സ്ട്രിംഗ് ആര്‍ട്ട് ആയി പരിണമിച്ചത്. പിന്നീട് അത് പലകയില്‍ നിശ്ചിത അകലത്തില്‍ തറച്ച ആണിയില്‍ നൂല്‍ പാകി അലങ്കാര കരകൗശല വസ്തു എന്ന നിലയില്‍ പ്രചാരം നേടി. സ്ട്രിംഗ് ആര്‍ട്ടില്‍ പ്രാഗത്ഭ്യം നേടിയവരിലേറെയും വര്‍ണ നൂലുകള്‍ ഉപയോഗിച്ച് ജിയോമെട്രിക് പാറ്റേണ്‍ ആണ് രൂപകല്പന ചെയ്യുന്നത്. അപൂര്‍വം ചിത്രകാരന്‍മാര്‍ മാത്രമാണ് മനുഷ്യന്റെ രൂപങ്ങളും ഭാവങ്ങളും സ്ട്രിംഗ് ആര്‍ട്ട് ശൈലിയില്‍ തയ്യാറാക്കുന്നത്.
ഫിഗര്‍ ഡ്രോയിംഗില്‍ പ്രതിഭ തെളിയിച്ച കലാകാരന്‍മാര്‍ പോലും സ്ട്രിംഗ് ആര്‍ട്ട് ശൈലിയില്‍ മനുഷ്യന്റെ മുഖഛായ സൃഷ്ടിക്കാന്‍ കഴിയാതെ പിന്‍തിരിഞ്ഞിട്ടുണ്ട്. ഇവിടെയാണ് റിയാദില്‍ പ്രവാസിയായ കണ്ണൂര്‍ സ്വദേശി ഷാജിത് നാരായണന്റെ കരവിരുത് ശ്രദ്ധ നേടുന്നത്.
മുന്നൂറ് ആണികളും 1500 മീറ്റര്‍ നൂലും ഉപയോഗിച്ചാണ് ഭരണാധികാരികളുടെ ചിത്രങ്ങള്‍ ഷാജിത്ത് നാരായണന്‍ രൂപകല്പന ചെയ്തത്. വ്യത്യസ്ത മാധ്യമങ്ങളില്‍ ചിത്രരചന പരീക്ഷിക്കുന്നത് ഷാജിത്തിന്റെ ഹോബിയാണ്. ഇങ്ങനെയാണ് ഭരണാധികാരി സല്‍മാന്‍ രാജാവ്, പ്രധാന മന്ത്രി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ ചിത്രങ്ങള്‍ ആണിയിലും നൂലിലും വിരിഞ്ഞത്.
പല ദിവസങ്ങളിലായി 12 മണിക്കൂറിലധികം സമയം ചെലവഴിച്ചാണ് ഒരു ചിത്രം തയ്യാറാക്കിയത്. ഒരു ആണിയില്‍ നിന്ന് മറ്റൊന്നിലേക്കു നൂല്‍ കോര്‍ക്കുമ്പോള്‍ കൃത്യമായ ദൃശ്യം സൃഷ്ടിക്കുന്നതിന് എതിര്‍ ദിശയിലെ ഏത് ആണിയില്‍ കോര്‍ക്കണം എന്നതാണ് രചനയിലെ വെല്ലുവിളി. വരക്കുന്ന ദൃശ്യങ്ങളുടെ രൂപം മനസ്സിലുണ്ടാകും. എതിര്‍ ദിശയിലെ ഏത് ആണിയിലേക്ക് കോര്‍ത്താല്‍ മനസ്സിലുളള രൂപം പ്രതലത്തില്‍ ദൃശ്യമാക്കുന്നതിന് പല തവണ നൂല്‍ കോര്‍ത്തും അഴിച്ചും തികഞ്ഞ രൂപത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ജിയോമെട്രിക് പാറ്റേണ്‍ എളുപ്പം രൂപകല്പന ചെയ്യാന്‍ കഴിയും. അതില്‍ നൂല്‍ പാകുന്നതിന് കൃത്യമായ ദിശ പ്രതലത്തില്‍ രേഖപ്പെടുത്താന്‍ കഴിയും. എന്നാല്‍ സൂക്ഷ്മമായ മുഖ ഭാവങ്ങള്‍ ചിത്രീകരിക്കാന്‍ മുന്‍കൂട്ടി സ്‌കെച് ചെയ്യാന്‍ കഴിയില്ല. ഇതു സാധ്യമാക്കാന്‍ കഴിഞ്ഞതാണ് ദൃശ്യ ഭംഗി നേടാന്‍ കഴിഞ്ഞത്.
ആദ്യം സല്‍മാന്‍ രാജാവിന്റെ ചിത്രത്തിനാണ് രൂപകല്പന ചെയ്തത്. അതില്‍ നിന്നു ലഭിച്ച ആത്മ വിശ്വാസം കിരീടാവകാശിയുടെ ഛായ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
പ്രമുഖ റസ്റ്ററന്റ് ശൃംഘലയില്‍ ഗ്രാഫിക് ഡിസൈനറായ ഷാജിദ് നാരായണന്റെ രചനാ വൈഭവം തിരിച്ചറിഞ്ഞ് റിയാദിലെ അല്‍ അമരീഫ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ദേശീയ ദിനാഘോഷ വേളയില്‍ സര്‍വകലാശാലാ പ്രസിഡന്റ് പ്രൊഫ. വലീദ് അബ അല്‍ ഫറജ് പ്രശംസാ ഫലകവും ഉപഹാരവും സമ്മാനിച്ചിരുന്നു..
അന്നം നല്‍കുന്ന രാജ്യത്തിന് നന്ദി സൂചകമായി അരിമണിയില്‍ ഭരണാധികാരികളുടെ ചിത്രം രചിച്ച് കഴിഞ്ഞ ദേശീയ ദിനത്തില്‍ ഷാജിത്ത് ശ്രദ്ധ നേടിയിരുന്നു. സൗദിയിലെ ഫ്‌ളൈ നാസിന് ഫോന്റ് ഡവലപ് ചെയ്തത് ഉള്‍പ്പെടെ അറബി ഭാഷയില്‍ രണ്ട് ഫോന്റുകള്‍ക്കും ഷാജിത് രൂപകല്പന ചെയ്തിട്ടുണ്ട്.
ചിത്ര രചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും വാട്ടര്‍, ഓയില്‍, അക്രിലിക്, പാസ്‌ററല്‍, പെന്‍സില്‍, കോഫി തുടങ്ങിയവ ഉപയോഗിച്ച് ആകര്‍ഷകമായ ഒട്ടനവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. മലയാളത്തില്‍ നാടന്‍ പാട്ടുകള്‍ കാന്‍വാസില്‍ എഴുതി കലാഭവന്‍ മണിയുടെ ചിത്രം വരച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
കണ്ണൂര്‍ ചൊവ്വ സ്വദേശിയായ ഷാജിത്ത് കുടുംബത്തോടൊപ്പം റിയാദിലാണ് താമസം. ഭാര്യ ഷൈജയും മക്കളായ അശ്വിന്‍, ഐശ്വര്യ എന്നിവരും രചനാ ശൈലിയിലെ വൈവിധ്യങ്ങള്‍ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.