നൗഫല്‍ പാലക്കാടന്‍
റിയാദ്: സെപ്റ്റംബര്‍ 29ന് ആരംഭിക്കുന്ന അന്തരാഷ്ട്ര പുസ്തകമേളയില്‍ മലബാര്‍ സമര നായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവ ചരിത്രം പറയുന്ന ‘സുല്‍ത്താന്‍ വാരിയം കുന്നന്‍’ വില്‍പ്പനക്കെത്തും. സാംസ്‌കാരിക കേരളം വായിച്ചും വിശകലനം ചെയ്തും വിവാദങ്ങള്‍ക്ക് വിധേയമായ വാരിയംകുന്നന്റെ ധീര ചരിത്രം ആദ്യമായാണ് സൗദി പുസ്തകമേളയിലെത്തുന്നത്.
മലപ്പുറം താനൂര്‍ സ്വദേശി റമീസ് മുഹമ്മദാണ് രചയിതാവ്. മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറ പുസ്തകം പ്രകാശനം ചെയ്തത്.
എഴുത്തുകരനെ നേരില്‍ കാണുന്നതിനും രചയിതാവിന്റെ കയ്യൊപ്പോടെ പുസ്തകം സ്വന്തമാക്കുന്നതിനും അവസരം മേളയില്‍ അവസരം ലഭിക്കും. ഷാര്‍ജ പുസ്തകമേളയില്‍ മൂന്ന് ദിവസത്തിനിടെ 2000 കോപ്പികളാണ് വിറ്റൊഴിഞ്ഞത്. ഷാര്‍ജ പുസ്തകലാമേളക്ക് ശേഷം ഇന്ത്യക്ക് പുറത്ത് സൗദി അറേബ്യയിലാണ് പുസ്തകം എത്തുന്നത്. റ്റു ഹോണ്‍ ക്രിയേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. സ്റ്റാള്‍ നമ്പര്‍ ഇ11 ലായിരിക്കും പുസ്തകം ലഭ്യമാകുക. ആയിരം പതിപ്പുകള്‍ വില്‍പനക്കെത്തിക്കുമെന്ന് റ്റു ഹോണ്‍ ക്രിയേഷന്‍സ് ചെയര്‍മാന്‍ സിക്കിന്തര്‍ ഹയാത്തുള്ള പറഞ്ഞു.
റിയാദ് ഫ്രണ്ട് എക്‌സിബിഷന്‍ നഗരിയില്‍ സെപ്റ്റംബര്‍ 29 ന് ആരംഭിച്ച് ഒക്ടോബര്‍ എട്ടിന് അവസാനിക്കുന്ന മേളയില്‍ മലയാളത്തില്‍ നിന്ന് കൂടുതല്‍ പ്രസാധകരെത്തും. ഡി സി ബുക്ക്‌സ്, ഹരിതം, ഒലിവ് തുടങ്ങിയ പ്രസാധകര്‍ പവലിയനില്‍ സ്ഥാനം ഉറപ്പിച്ചു. സൗദിയില്‍ ആദ്യമായാണ് ഇത്രയും മലയാള പ്രസാധകരെത്തുന്നത്. കഴിഞ്ഞ വര്‍ഷംപുസ്തകമേളയില്‍ ഡി സി ബുക്ക്‌സ് എത്തിയിരുന്നു. അവര്‍ക്ക് പ്രദര്‍ശനത്തിന് മാത്രമായിരുന്നു അനുമതി. ഇത്തവണ വില്‍പ്പനക്കുള്ള അനുമതി നേടിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിഖ്യാത എഴുത്തുകാരും പ്രസാധകരും പങ്കെടുക്കുന്ന മേളയില്‍ ഇത്തവണ തുനീഷ്യയാണ് അതിഥി രാജ്യം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.