
റിയാദ്: മാസങ്ങളായി മരണത്തോട് പൊരുതിയ കോഴിക്കോട് സ്വദേശി സുനില്‍ കുമാര്‍ ഒടുവില്‍ പ്രവാസലോകത്ത് മരണത്തിന് കീഴടങ്ങി. ഒരു വര്‍ഷമായി റിയാദിലെ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന കോഴിക്കോട് മണ്ണൂര്‍ സ്വദേശി സുനില്‍ കുമാറാണ് (57) ഇന്നലെ വിടപറഞ്ഞത്. തുടര്‍ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിക്കാനുള്ള അവസാനവട്ട ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് പ്രവാസി സമൂഹത്തെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തിയ വിയോഗം.

കഴിഞ്ഞ വര്‍ഷം ജൂലൈ 25നാണ് സുനില്‍ കുമാറിന്റെ ജീവിതം മാറ്റിമറിച്ച സംഭവം. ജോലിക്ക് പോകുന്നതിനിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് റിയാദിലെ അല്‍ ജസീറ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പക്ഷാഘാതം ആണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതോടെ അന്നുമുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ഏപ്രില്‍ 30നാണ് ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്. അസുഖബാധിതനായ നാള്‍ മുതല്‍ സുനില്‍ കുമാറിന് കാവലായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ഒപ്പമുണ്ടായിരുന്നു. കെഎംസിസി കോഴിക്കോട് ജില്ലാ ട്രഷറര്‍ റാഷിദ് ദയ നിരന്തരം നാട്ടിലെ കുടുംബവുമായി ബന്ധപ്പെടുകയും ആശ്വാസം പകരുകയും ചെയ്തു.

സുനില്‍ കുമാറിനെ വെന്റിലേറ്റര്‍ സംവിധാനത്തോടെ വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള എക്‌സിറ്റ് നടപടികള്‍ കെഎംസിസി പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ യാത്ര ഡോക്ടര്‍മാര്‍ വിലക്കുകയായിരുന്നു. പരേതനായ ഉണ്ണി കോഴിശ്ശേരിയുടെയും നാരായണിയുടെയും മകനാണ് സുനില്‍ കുമാര്‍. ഷാനിയാണ് ഭാര്യ. ആദര്‍ശ്, ദൃശ്യ എന്നിവര്‍ മക്കളാണ്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇതിനായി മലപ്പുറം ജില്ലാ കെഎംസിസി ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, കോഴിക്കോട് ജില്ലാ ട്രഷറര്‍ റാഷിദ് ദയ, സലീം സിയാംകണ്ടം, ജാഫര്‍ വീമ്പൂര്‍, അബ്ദു റഹ്മാന്‍ ചേലമ്പ്ര, നസീര്‍ കണ്ണീരി എന്നിവര്‍ രംഗത്തുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






