
റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് പതിനായിരത്തിലധികം രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതായി ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എംസി. പ്രവേശന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ സ്‌പെതംബര്‍ 12ന് ആരംഭിക്കുന്ന ദ്വിദിന ‘റിയാദ് എഡ്യൂ എക്‌സ്‌പോ’ സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദിയിലെ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്നതിന് അഭിരുചി പരീക്ഷ (ജനറല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്-GAT) എഴുതണം. മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനത്തിന് നാഷണല്‍ സെന്റര്‍ ഫോര്‍ അസസ്‌മെന്റ് (ഖിയാസ്) നടത്തുന്ന സ്റ്റാന്‍ഡേര്‍ഡൈസ്ഡ് അച്ചീവ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റില്‍ (SAAT) മികവു പുലര്‍ത്തണം. പ്ലസ് ടൂ പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ 40ശതമാനവും ഗാറ്റ്, സാറ്റ് എന്നിവയില്‍ നേടിയ മാര്‍ക്കിന്റെ 30ശതമാനവും പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റാണ് പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണമാണ് നടക്കുന്നത്. 2030 ആകുന്നതോടെ സൗദി അറേബ്യയെ രാജ്യാന്തര നിലവാരമുളള എഡ്യൂ ഹബ് ആയി മാറ്റുകയാണ് ലക്ഷ്യം.

ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കു ഐഐടി, ട്രിപ്പിള്‍ ഐടി എന്നിവിടങ്ങളില്‍ പ്രവേശനം നേടുന്നതിനുളള ദാസ ക്വാട്ട (Direct Admission of Students Abroad) ഇപ്പോഴും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നില്ല. 15 ശതമാനം സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രവേശനം പൂര്‍ണമായില്ല. ഇതുള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങളും ബോധവത്ക്കരണവുമാണ് ദ്വിദിന എക്‌സ്‌പോ വിഭാവന ചെയ്യുന്നതെന്നു മുനീര്‍ എംസി പറഞ്ഞു.

സെപ്റ്റംബര്‍ 12, 13 തീയ്യതികളില്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് എഡ്യൂ എക്‌സ്‌പോ. കരിയര്‍ സാധ്യതകള്‍, പാനല്‍ ഡിസ്‌കഷന്‍, സെമിനാറുകള്‍, ഇന്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുകള്‍, കരിയര്‍ കൗണ്‍സിലിംഗ് സെഷന്‍ എന്നിവ എക്‌സ്‌പോയുടെ ഭാഗമായി നടക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, കോഡിംഗ്, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, സ്റ്റഡി ഇന്‍ സൗദി അറേബ്യ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസുകളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് എക്‌സ്‌പോ. പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷന് www.targetglobalacademy.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആദ്യം രജിസ്റ്റര്‍ ചെയുന്ന 500 പേര്‍ക്കാണ് പ്രവേശനമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






