
ഗള്‍ഫ് നാടുകളില്‍ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്‌പോണ്‍സര്‍ അല്ലെങ്കില്‍ കഫീല്‍ എന്ന ചട്ടക്കൂടിന് വിധേയമായാണ്. ഇതില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് സൗദി അറേബ്യ. കഫാല സമ്പ്രദായം ഔപചാരികമായി നിലവില്‍ വന്നത് 1950 കളിലാണ്. എന്നിരുന്നാലും 1930-40 കാലഘട്ടങ്ങളില്‍, രാജ്യം വളരുകയും എണ്ണ വ്യവസായവുമായി ബന്ധപ്പെട്ട് വിദേശ തൊഴിലാളികള്‍ സൗദിയിലെത്തുകയും ചെയ്ത വേളയിലും രാജ്യം സ്വീകരിച്ചിരുന്നത് സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥയാണ്.

1950ന് ശേഷമാണ് സൗദി അറേബ്യയില്‍ തൊഴില്‍ തേടിയെത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവന്നു. സൗദി തൊഴില്‍ നിയമ പ്രകാരം സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായമാണ് വിദേശ തൊഴിലാളികളെ നിയന്ത്രിക്കാന്‍ സ്വീകരിച്ചിരുന്ന മാര്‍ഗം. വിവിധ രാജ്യങ്ങളില്‍ നിന്നു സ്വകാര്യ മേഖലയില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ വിരലടയാളം രേഖപ്പെടുത്തുകയോ, ഡിജിറ്റല്‍ സംവിധാനങ്ങളില്‍ വിവരം ശേഖരിക്കാനോ സൗകര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്‌പോണ്‍സര്‍മാര്‍ക്കാണ് തൊഴിലാളികളുടെ മേല്‍ പൂര്‍ണ ഉത്തരവാദിത്തം.

സൗദിയിലെ ഒരു നഗരത്തില്‍ നിന്നു മറ്റൊരു നഗരത്തിലേയ്ക്കു യാത്രചെയ്യണമെങ്കില്‍ സ്‌പോണ്‍സര്‍ നല്‍കുന്ന അനുമതി പത്രം ആവശ്യമായിരുന്നു. ഇതു ചേംബര്‍ ഓഫ് കോമേഴ്‌സ് സാക്ഷ്യപ്പെടുത്തുകയും വേണം. റിയാദില്‍ നിന്ന് ഒരു മണിക്കൂര്‍ മാത്രം യാത്രാ ദൈര്‍ഘ്യമുളള, 100 കിലോ മീറ്ററില്‍ താഴെ മാത്രം ദൂരമുളള, റിയാദ് പ്രവിശ്യയില്‍പെട്ട അല്‍ ഖര്‍ജിലേയ്ക്കു യാത്ര ചെയ്യുന്നതിനു പോലും തസ്‌രീഹ് സിയാറ അല്ലെങ്കില്‍ തസ്‌രീഹ് സഫര്‍ എന്നറിയപ്പെട്ടിരുന്ന അനുമതി പത്രം ആവശ്യമായിരുന്നു.

എന്നാല്‍ 2010-13 കാലഘട്ടത്തില്‍ രാജ്യത്ത് സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്തു നടപ്പിലാക്കി. അതോടൊപ്പം തൊഴില്‍ പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായി വിദേശി തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി ‘ഗസ്റ്റ് വര്‍ക്കര്‍’ എന്നുമാത്രമേ സംബോധന ചെയ്യാവൂ എന്നു തൊഴില്‍ മന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തു.
സൗദിയിലെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിച്ച വിഷന്‍ 2030 പദ്ധതി 2016ല്‍ പ്രഖ്യാപിച്ചു. ഇതോടെ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം കൂടുതല്‍ ഇളവുകളോടെ നടപ്പിലാക്കാന്‍ തുടങ്ങി. ഇതിനിടെ രാജ്യത്തെ വിദേശികള്‍ ഉള്‍പ്പെടെയുളളവരുടെ സമ്പൂര്‍ണ വിവരങ്ങള്‍ സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ കീഴില്‍ രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തവക്കല്‍നാ ആപ് നിലവില്‍ വന്നതോടെ രാജ്യത്തെ ജനങ്ങളെ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കു കഴിയുമെന്ന തിരിച്ചറിവു നേടി എന്നുവേണം കരുതാന്‍. ഇതോടെ അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍ രാജ്യത്തെ ജനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണ്ടത് നിബന്ധമായി. മാത്രമല്ല, 460 ഇസേവനങ്ങള്‍ അബ്ഷിര്‍ വഴി ലഭ്യമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സ്‌പോണ്‍സര്‍മാരില്‍ നിക്ഷിപ്തമായിരുന്ന പല അധികാരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമായത് വിദേശ തൊഴിലാളികള്‍ക്ക് വലിയ അനുഗ്രഹമായി.

2021ല്‍ ആണ് സൗദി അറേബ്യ ലേബര്‍ റിഫോം ഇനിഷ്യേറ്റീവ് അവതരിപ്പിക്കുന്നത്. ഇതോടെയാണ് സ്‌പോണ്‍സര്‍ഷിപ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വിദേശ തൊഴിലാളികള്‍ക്ക് ലഭ്യമാണെന്നു അനുഭവപ്പെട്ടു തുടങ്ങിയത്. താഴിലാളിയും തൊഴിലുടമയും ഒരു തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക എന്ന തത്വമാണ് പ്രധാനമായും ലേബര്‍ റിഫോം ഇനിഷ്യേറ്റീവ് മുന്നോട്ടുവെയ്ക്കുന്നത്. ഇതിനു പുറമെ ഇന്‍വെസ്റ്റര്‍ ലൈസന്‍സും പ്രീമിയം റസിഡന്‍സ് പെര്‍മിറ്റും നേടുന്ന വിദേശികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ് സമ്പ്രാദായം ബാധകവുമല്ല.
നേരത്തെ ജോലി മാറുന്നതിന് തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലവിലുളള തൊഴില്‍ പരിഷ്‌കരണം അനുസരിച്ച് തൊഴില്‍ കരാര്‍ അനുസരിച്ച് തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യാനും രാജ്യം വിടാനും അവകാശമുണ്ട്. യാത്ര ചെയ്യുന്നതിനും റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് വീസ എന്നിവ നേടുന്നതിനും സ്‌പോണ്‍സറുടെ അനുമതി ഉണ്ടായിരുന്നതിനും മാറ്റം വന്നു.
കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളികള്‍ക്ക് ജോലി മാറാം. അല്ലെങ്കില്‍ വേതനം നല്‍കാതിരിക്കുകയും തൊഴിലാളിയെ കരാറിന് വിരുദ്ധമായി ജോലി ചെയ്യാന്‍ നിനബന്ധിക്കുകയോ ചെയ്താല്‍ മറ്റൊരു തൊഴില്‍ കണ്ടെത്താനും രാജ്യം വിടാനും അവകാശമുണ്ട്. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നതിനും വിലക്കുണ്ട്.
പുതിയ പരിഷ്‌കാരം അനുസരിച്ച് തൊഴിലാളി അബ്ഷിര്‍ അല്ലെങ്കില്‍ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഖിവ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി നേരിട്ട് എക്‌സിറ്റ്, റീഎന്‍ട്രി വിസയ്ക്ക് അപേക്ഷിക്കാന്‍ അവസരം ലഭിക്കും. ഇതുസംബന്ധിച്ച് തൊഴിലുടമക്ക് അറിയിപ്പ് ലഭിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
തൊഴിലുടമയ്ക്ക് അറിയിപ്പ് നല്‍കി തൊഴിലാളിക്ക് നേരിട്ട് ഓണ്‍ലൈനായി അന്തിമ എക്‌സിറ്റിന് അപേക്ഷിക്കാനും സൗകര്യമുണ്ട്. മനുഷ്യ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം പരിശോധിച്ചു ഉറപ്പുവരുത്തിയ ഡിജിറ്റല്‍ തൊഴില്‍ കരാറിനെ അടിസ്ഥാനമാക്കിയാണ് തൊഴിലാളികളുടെ ഇത്തരം അവകാശങ്ങള്‍ അംഗീകരിക്കുന്നത്.
ഖിവ, മുസനെദ്, അബ്‌ഷെര്‍ പോലുള്ള പോര്‍ട്ടലുകള്‍ വഴി പൂര്‍ണ്ണമായും ഇലക്ട്രോണിയ്ക്കായി നടക്കുന്ന ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് തൊഴില്‍ കരാര്‍ മാത്രമാണ് അടിസ്ഥാനം. പരമ്പരാഗതമായി രാജ്യത്തെ സ്‌പോണ്‍സര്‍ക്ക് തൊഴിലാളിയുടെ മേല്‍ ഉണ്ടായിരുന്ന പ്രത്യേക അധികാരം നിലനില്‍ക്കുന്നില്ല. ഇത്തരത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ 2025 ജൂണില്‍ പരമ്പരാഗത സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥ നിര്‍ത്തലാക്കുകയാണെന്നു സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഇതു ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഇഷ്ടമുളള തൊഴില്‍ മേഖലയിലേയ്ക്കു മാറാന്‍ അവസരം ഒരുക്കി. മാത്രമല്ല തൊഴില്‍ വിപണിയില്‍ സുതാര്യത ഉറപ്പുവരുത്താനും കഴിഞ്ഞു.
അതേസമയം, തൊഴില്‍ തേടി സൗദി അറേബ്യയിലെത്തുന്നതിന് ഇപ്പോഴും സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമാണ്. ഗാര്‍ഹിക തൊഴിലാളികളുടെ മേല്‍ ഇപ്പോഴും സ്‌പോണ്‍സര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങളുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുളള പരിഷ്‌കരണങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയത് തൊഴില്‍ കേസുകളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇടയാക്കി. ചുരുക്കത്തില്‍ തൊഴിലാളിതൊഴിലുടമ ബന്ധം സൗഹാര്‍ദ്ദപരമാക്കാന്‍ സൗദിയിലെ പരിഷ്‌കരണങ്ങള്‍ സഹായിട്ടുണ്ട്. ഇതു തൊഴില്‍ വിപണിയിലുംദൃശ്യമാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





