Sauditimesonline

nesto
പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ മരണ ശേഷവും പിന്തുടരുന്നു: ചാണ്ടി ഉമ്മന്‍

റിയാദ്: ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ അദ്ദേഹം വിടവാങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോഴും വിടാതെ പിന്തുടരുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ‘കുഞ്ഞൂഞ്ഞോര്‍മ്മയില്‍’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബം അനുഭവിച്ചതിന്റെ കാഠിന്യം ചെറുതല്ല.

അങ്ങേയറ്റം രോഗപീഡയില്‍ മല്ലിടുമ്പോഴും ആക്രമണം തുടര്‍ന്നു. അവസാനം സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. എങ്കിലും മറ്റാരെയും വൃണപ്പെടുത്തരുതെന്നും കുറ്റപ്പെടുത്തരുതെന്നും ആഗ്യം കാണിച്ചതായി വികാര നിര്‍ഭരമായി ചാണ്ടി ഉമ്മന്‍ പറഞ്ഞപ്പോള്‍ കണ്ഠമിടറി. അങ്ങനെയുളള മനുഷ്യന്‍ മരിച്ച് രണ്ടു വര്‍ഷം പാന്നിട്ടിട്ടും വിടാതെ പിന്തുടരുകയാണ്. ഒന്‍പത് വര്‍ഷം സഹിച്ച മനുഷ്യനാണ്. മരിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ‘നരകത്തില്‍ പോലും ഉമ്മന്‍ ചാണ്ടി വിശുദ്ധനാകില്ല’ എന്നാണ് ഇടതുപക്ഷം പറഞ്ഞത്. അല്പമെങ്കിലും ദയ കാണിക്കണമെന്നും ചാണ്ടി ഉമ്മന്‍ അപേക്ഷിച്ചു.

ഉമ്മന്‍ ചാണ്ടി കാണിച്ച മാതൃക പിന്തുടരും. അവശത അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കും. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് സഫാ മക്ക പോളിക്ലിനിക് എംഡി ഷാജി അരിപ്രയും, റയാന്‍ പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലിയും ഒരോ വീട് സമ്മാനിക്കുമെന്ന് അറിയിച്ചത് പിതാവിനോടുളള സ്‌നേഹമാണ്. അതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, നിബു വര്‍ഗീസ് തുടങ്ങി സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു. പ്രസംഗമത്സരം, കാരിക്കേച്ചര്‍ രചന വിജയികള്‍ക്കുളള ഉപഹാരവും വിതരണം ചെയ്തു. ചാണ്ടി ഉമ്മനെ ജില്ലാ കമ്മറ്റി പ്രസിഡന്റുമാര്‍ ത്രിവര്‍ണ പൊന്നാട അണിഞ്ഞു ആദരിച്ചു. ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ബാലുക്കുട്ടന്‍ സ്വാഗതവും സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top