റിയാദ്: മൂന്ന് ദിവസം കാലാവധിയുളള ട്രാന്‍സിറ്റ് വിസക്ക് ഫീസ് ഒഴിവാക്കാന്‍ സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. വിവിധ തരം സന്ദര്‍ശന വിസകള്‍ക്ക് 90 ദിവസം സമയം അനുവദിക്കുമെന്നും
മന്ത്രി സഭ വ്യക്തമാക്കി.
കുടുംബ സന്ദര്‍ശനം, ബിസിനസ് സന്ദര്‍ശനം, വിനോദ സഞ്ചാരം തുടങ്ങി സിംഗിള്‍ എന്‍ട്രിയുളള വിസകളുടെ കാലാവധി മൂന്നു മാസമായി പരിഷ്‌കരിച്ചു. കുടുംബ സന്ദര്‍ശനം ഒഴികെയുളള വിസകള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുളള വിസയാണ് അനുവദിക്കുന്നത്. പുതിയ പരിഷ്‌കരണം കൂടുതല്‍ കാലം സൗദിയില്‍ ചിലവഴിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ഒരുക്കും. സൗദി അറേബ്യ സന്ദര്‍ശിച്ച് മറ്റു രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് വിസക്ക് ഈടാക്കിയിരുന്ന ഫീസ് ഒഴിവാക്കാനും തീരുമാനിച്ചു. റിയാദ് അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര ഈന്തപ്പഴ സമിതിയുമായി കരാര്‍ ഒപ്പുവെക്കാന്‍ വിദേശകാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. കൊളമ്പിയ-സൗദി സാംസ്‌കാരിക കരാറും മലേഷ്യ-സൗദി ജുഡീഷ്യല്‍ സഹകരണ കരാറും ഒപ്പുവെക്കും. വിനോദ സഞ്ചാര മേഖലയിലെ സഹകരണത്തിന് ബ്രസീലുമായി ഒപ്പുവെച്ച ധാരണാ പത്രത്തിന് മന്ത്രി സഭാ യോഗം അനുമതിയും നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.