
റിയാദ്: വിദേശത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട ഇടവേള കുറക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്നാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം 12 മുതല്‍ 16 ആഴ്ചക്ക് ശേഷമാണ് നിലവില്‍ വാക്‌സിന്‍ വിതരണണ ചെയ്യുന്നത്. എന്നാല്‍ പ്രവാസികളുടെ ആവശ്യം പരിഗണിച്ച് 4 മുതല്‍ 6 ആഴ്ചക്കകം കോവിഷീല്‍ഡ് വിതരണണ ചെയ്യാനാണ് നിര്‍ദേശം.
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പരിന് പുറമെ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. ഇതിനുളള നിര്‍ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി.

ഇന്ത്യയില്‍ നിര്‍മ്മിച്ച ഭാരത് ബയോടെകിന്റെ കോവാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ സൗദി അറേബ്യയില്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇളവ് നല്‍കിയിട്ടില്ല. ഈ സഹചര്യത്തില്‍ നിരവധി പ്രവാസി കൂട്ടായ്മകള്‍ വാക്‌സിന്‍ വിതരണത്തിന്റെ ഇടവേള കുറക്കുകയും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നും ആശ്യപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് നേരിട്ടു വിമാന സര്‍വീസിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഹജ്ജ് സീസണ്‍ കഴിഞ്ഞതിന് ശേഷം മാത്രമേ വിമാന സര്‍വീസിന് അനുമതി ലഭിക്കുകയുളളൂവെന്നാണ് സൂചന. വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അവസരം ഒരുക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.
ഇന്ത്യാ-സൗദി എയര്‍ ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ റിയാദ് ഇന്ത്യന്‍ എംബസി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതാണ് സര്‍വീസിന് അനുമതി ലഭിക്കാത്തത്. അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേ ഭാരത് മിഷന്‍ സര്‍വീസിലും അഞ്ചര ലക്ഷം പ്രവാസികളാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ഇവരില്‍ നല്ലൊരു ശതമാനം എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ പോയവരാണ്. ഇവര്‍ക്ക് മടങ്ങി വരാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ഭേദമായി രോഗ പ്രതിരോധ ശേഷി കൈവരിച്ചവര്‍ക്കും നേരിട്ട് യാത്ര ചെയ്യാന്‍ അവസരം ഒരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇതിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉള്‍പ്പെടെ ഉന്നത നയതന്ത്ര തല ഇടപെടല്‍ ആവശ്യമാണെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
