Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം; ഇന്ന് തിരക്കിട്ട പരിപാടികള്‍

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇന്നലെ രാത്രി കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റോയല്‍ ടെര്‍മിനലിലെത്തിയ പ്രധാനമന്ത്രിയെ റിയാദ് ഗവര്‍ണര്‍ സ്വീകരിച്ചു. രാത്രി 11.05നാണ് പ്രധാനമന്ത്രി റിയാദില്‍ എത്തിയത്. ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍ സൗദിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. റോയല്‍ ഗാര്‍ഡ് ഇന്ത്യയുടെയും സൗദിയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. സ്വീകരണ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദ്, പത്‌നി ഫര്‍ഹ സഈദ്, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഇന്ത്യയില്‍ നിന്നുളള ഉന്നതതല പ്രതിനിധിസംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. കിംഗ് സഊദ് ഗസ്റ്റ് പാലസിലാണ് പ്രധാനമന്ത്രിക്ക് വിശ്രമം ഒരുക്കിയിട്ടുളളത്. ഏകദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരക്കിട്ട പരിപാടികളാണുളളത്. രാവിലെ 10.30ന് ആരംഭിക്കുന്ന ഔദ്യോഗിക പരിപാടികള്‍ രാത്രി 9.30 വരെ നീളും.

രാവിലെ 10.30ന് കിംഗ് സൗദ് ഗസ്റ്റ് പാലസില്‍ പരിസ്ഥിതി, ജല, കൃഷിവകുപ്പു മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഫദ്‌ലിയുമായി കൂടിക്കാഴ്ച നാടത്തും. തൊഴില്‍ സാമൂഹിക വികസനകാര്യ വകുപ്പ് മന്ത്രി അഹമദ് ബിന്‍ സുലൈമാന്‍ അല്‍ റാജ്ഹി, ഊര്‍ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സൗദ്, വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
ഉച്ചക്ക് മുമ്പായി അറബ് ന്യൂസ്, അല്‍ അറബിയ ന്യൂസ് ചാനല്‍ എന്നിവയുമായി പ്രത്യേക അഭിമുഖത്തിനും സമയം കണ്ടെത്തിയിട്ടുണ്ട്.

രണ്ടു മണിക്ക് ഭരണാധികാരി സല്‍മാന്‍ രാജാവ് റോയല്‍ കോര്‍ട്ടില്‍ ഒരുക്കുന്ന ഉച്ച വിരുന്നില്‍ പങ്കെടുക്കും. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയും നടക്കും. റോയല്‍ കോര്‍ട്ടില്‍ നടക്കുന്ന സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് കൗണ്‍സില്‍ കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങിലും പങ്കെടുക്കും.

അഞ്ച് മണിക്ക് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലെത്തുന്ന പ്രധാനമന്ത്രി ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവില്‍ മുഖ്യ പ്രഭാഷണം നടത്തും. ഏഴ് മണിക്ക് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തും. 9ന് കിരീടാവകാശി ഒരുക്കുന്ന അത്താഴ വിരുന്നിലും പങ്കെടുത്ത് പ്രധാനമന്ത്രി രാത്രി 10.15ന് ഇന്ത്യയിലേക്ക് മടങ്ങും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top