
റിയാദ്: ബെനാമി സംരംഭകര്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. നിയമ വിരുദ്ധമായി രാജ്യത്ത് ബിസിനസ് നടത്തുന്നവര്‍ക്ക് ഫെബ്രുവരി 16 വരെ രേഖകള്‍ നിയമവിധേയമാക്കാന്‍ അനുമതി നല്‍കിയിരുന്നു. സമയ പരിധി അവസാനിച്ചതോടെയാണ് പരിശോധന ശക്തമാക്കിയത്.

ഇതിനിടെ, ബെനാമി സംരംഭകനെ സഹായിച്ച സ്വദേശി വനിത, അവരുടെ സിറിയക്കാരനായ ഭര്‍ത്താവ്, അയാളുടെ പിതൃ സഹോദരന്‍ എന്നിവരെ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിര്‍മാണ കരാര്‍ കമ്പനായാണ് ഇവര്‍ ബെനാമി സംരംഭമായി നടത്തിയത്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ബെനാമി ആണെന്ന് സ്ഥിരീകരിക്കുന്ന നിരവധി തെളിവുകള്‍ കണ്ടെത്തി. പബ്‌ളിക് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും സമര്‍പ്പിച്ചു. വിചാരണക്കു ശേഷം ഇവര്‍ക്ക് ആറു മാസം തടവും 60,000 റിയാല്‍ പിഴയും ശിക്ഷ വിധിച്ചു.

അതിനിടെ, താമസ കേന്ദ്രത്തില്‍ വിവിധ ഉത്പ്പന്നങ്ങള്‍ വിപണനം നടത്തിയ വിദേശിയെ വാണിജ്യ മന്ത്രാലയം പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനറി, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയുടെ വിപുലമായ ശേഖരം താമസ വാസസ്ഥലത്തു നിന്നു പിടിച്ചെടുത്തു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ഉപഭോക്താക്കളെ കണ്ടെത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
