Sauditimesonline

1 wafa dammam
ഒന്നാം വാര്‍ഷികാഘോഷം: ദമ്മാം അല്‍ വഫ ഹൈപ്പറില്‍ വമ്പന്‍ ഓഫറുകളും കലാവിരുന്നും

ഓണ്‍ലൈന് വിട; ഓഫ്‌ലൈന്‍ വായന ആരംഭിച്ച് ചില്ല

റിയാദ്: കോവിഡ് മഹാമാരി തീര്‍ത്ത രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കേളി കലാസാംസ്‌കാരിക വേദിയുടെ പൊതു കൂട്ടായ്മ ചില്ല സര്‍ഗവേദി പ്രതിമാസം നടത്തുന്ന ‘എന്റെ വായന’ പുനരാംരംഭിച്ചു. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തിലാം് ചില്ല പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്.

അക്ഷരത്തെറ്റ് എന്ന ബാലകഥ അവതരിപ്പിച്ചുകൊണ്ട് സ്‌നേഹ സാദിഖാണ് മെയ് മാസത്തെ വായനസംവാദ പരിപാടിക്ക് തുടക്കം കുറിച്ചു. വിനില്‍ പോളിന്റെ ‘അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം’ എന്ന പുസ്തകത്തിന്റെ വായനാനുഭവം ബീന പങ്കുവെച്ചു. കേരളത്തിന്റെ ചരിത്ര രചനയില്‍ എവിടെയും കാര്യമായി രേഖപ്പെടുത്താതെ പോയ അടിമവ്യവസ്ഥയുടെ ചരിത്രവും ക്രൂരതയും എങ്ങനെ കീഴാള ജീവിതത്തെയും കേരളീയ സാമൂഹ്യജീവിതത്തെയും സ്വാധീനിച്ചു എന്നാണ് പുസ്തകം വിശദീകരിക്കുന്നത്. പ്രസിദ്ധ നൈജീരിയന്‍ എഴുത്തുകാരന്‍ ചിന്വ അചേബെയുടെ ‘റെഫ്യൂജി മദര്‍ ആന്‍ഡ് ചൈല്‍ഡ്’, എസ്.ജോസഫിന്റെ ‘ഐഡന്റിറ്റി കാര്‍ഡ്’ എന്നീ കവിതകളിലെ മനുഷ്യപ്രതിസന്ധികളുടെ വയനാനുഭവം ഷഹീബ വി കെ അവതരിപ്പിച്ചു.

കാത്തിരിപ്പിനെ കാവ്യാത്മകമായ ഒരു നോവല്‍ ശില്പമാക്കി മാറ്റിയ എം.ടി യുടെ ‘മഞ്ഞ്’ അവതരിപ്പിച്ചത് ലീന കോടിയത്താണ്. സതീഷ് കുമാര്‍ വളവില്‍ അവതരിപ്പിച്ച അരുണ്‍ എഴുത്തച്ഛന്റെ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ എന്ന യാത്രാനുഭവ ഗ്രന്ഥത്തിന്റെ വായന ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തിലെ നിയമവിരുദ്ധതയും, അനീതിയും, ജാതീയതയും വിശദീകരിച്ചു. തഴച്ചു വളരുന്ന ഹിന്ദുത്വപുരുഷാധികാര രാഷ്ട്രീയത്തെ അനാവൃതമാക്കിക്കൊണ്ട് കെ ആര്‍ മീര രചിച്ച ‘ഘാതകന്‍’ എന്ന നോവലിന്റെ വായനാനുഭവം മൂസ കൊമ്പന്‍ അവതരിപ്പിച്ചു.

വായനക്ക് ശേഷം നടന്ന ചര്‍ച്ചക്ക് വിപിന്‍ തുടക്കം കുറിച്ചു. ടി.ആര്‍.സുബ്രഹ്മണ്യന്‍, എം.സതീഷ് കുമാര്‍, അനിത നസീം, പ്രിയ സന്തോഷ്, റസൂല്‍ സലാം, നെബു വര്‍ഗീസ്, മനോഹരന്‍ നെല്ലിക്കല്‍, അബ്ദുല്‍ റസാഖ്, രണന്‍ കമലന്‍, വിനയന്‍ എന്നിവര്‍ ചര്‍ച്ച സജീവമാക്കി. എം. ഫൈസല്‍ ചര്‍ച്ച ഉപസംഹരിച്ചു. ചില്ല കോഡിനേറ്റര്‍ സുരേഷ് ലാല്‍ പരിപാടിയുടെ മോഡറേറ്ററായി. ചില്ലയുടെ സംവാദങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന സുബ്രഹ്മണ്യന്‍ താഴത്ത്, ജാബിര്‍ പയ്യന്നൂര്‍ എന്നിവരുടെ വേര്‍പാടില്‍ ചില്ല അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top