Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

ബാബറി വിധി: പ്രവാസി വാട്‌സ് ആപുകള്‍ ‘അഡ്മിന്‍ ഒണ്‍ലി’ യിലേക്ക്

റിയാദ്: ബാബറി മസ്ജിദ് കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെ പ്രവാസ ലോകത്തും ജാഗ്രത. സാമൂഹിക മാധ്യമങ്ങളില്‍ മത സ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ പ്രവാസികള്‍ക്കിടയിലുളള നൂറുകണക്കിന് വാട്‌സ് ആപ് ഗ്രൂപുകള്‍ ‘അഡ്മിന്‍ ഒണ്‍ലി’യിലേക്കു മാറി. അഡ്മിന്‍ ഒണ്‍ലിയാക്കി മാറ്റുന്നതോടെ അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ കഴിയില്ല.

കേരളാ പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാറിന്റെ പേരില്‍ ഇന്നലെ രാത്രിയോടെയാണ് മുന്നറിയിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രിരിച്ചത്.മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യും. സാമൂഹ്യ മാധ്യമങ്ങളിലെ എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന സന്ദേശം പരത്തുന്നവരെ കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കുമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

ഇതോടെ പ്രാദേശിക പ്രവാസി കൂട്ടായ്മകളുടെ വാര്‍ഷികാഘോഷത്തിനും യാത്രയയപ്പിനുമുളള ഗ്രൂപ്പുകള്‍ പോലും ‘അഡ്മിന്‍ ഒണ്‍ലി’യിലേക്ക് മാറി. ചിലര്‍ ക്ഷമാപണത്തോടെയാണ് ഗ്രൂപ്പുകളെ അഡ്മിന്‍ ഒണ്‍ലിയാക്കിയത്. മറ്റുചിലരാവട്ടെ മൂന്ന് ദിവസം കാലാവധി വ്യക്തമാക്കിയാണ് ഗ്രൂപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, ഒരു നൂറ്റാണ്ടലേറെ പഴക്കമുളള ബാബറി മസ്ജിദ് കേസില്‍ സുപ്രിം കോടതി വിധി എന്തായിരിക്കുമെന്നറിയാനുളള ജിജ്ഞാസയിലാണ് പ്രവാസ ലോകം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top