Sauditimesonline

LUGGAGE
നെടുമ്പാശ്ശേരിയില്‍ വിമാനയാത്രക്കാരന്റെ ബാഗ് തുറന്ന് കവര്‍ച്ച

‘നൂറ് പ്രകാശവര്‍ഷങ്ങള്‍’; അസ്സുഫ്ഫ നാട്ടുദര്‍സിന് റിയാദില്‍ പ്രൗഢ തുടക്കം

റിയാദ്: സമസ്തട നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) സംഘടിപ്പിക്കുന്ന ‘അസ്സുഫ്ഫ നാട്ടുദര്‍സി’ന് റിയാദില്‍ തുടക്കം. ‘നൂറ് പ്രകാശവര്‍ഷങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ബത്ഹ ഡി പാലസ് ഹാളിലായിരുന്നു ഉദ്ഘാടന സമ്മേളനം.

ആഗോളതലത്തില്‍ അഞ്ച് ലക്ഷം പഠിതാക്കളെ ലക്ഷ്യമിട്ട് നാട്ടില്‍ വിജയകരമായി നടപ്പാക്കിയ വിജ്ഞാന പദ്ധതിയുടെ പ്രവാസിതല വിപുലീകരണമാണ് റിയാദില്‍ ആരംഭിച്ചത്. പ്രവാചകരുടെയും പുണ്യസ്വഹാബികളുടെയും ജീവിതമാതൃകയും പാരമ്പര്യ ഇസ്‌ലാമിക അറിവുകളും സമൂഹത്തിലേക്ക് പകര്‍ന്നുനല്‍കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച ‘അല്‍വജീസ്’ എന്ന ഗ്രന്ഥമാണ് നാട്ടുദര്‍സില്‍ പഠനവിധേയമാക്കുന്നത്. ഗ്രന്ഥകര്‍ത്താവില്‍ നിന്ന് അനുമതിയും പ്രത്യേക പരിശീലനവും നേടിയ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റിയാദിലെ വിവിധ യൂണിറ്റുകളിലായി 30 ക്ലാസുകള്‍ നടക്കും. തുടര്‍ന്ന്, സമസ്ത സെന്റിനറി സമ്മേളന നഗരിയായ വാദി ഹറമൈനിയില്‍ കാന്തപുരം ഉസ്താദ് നേരിട്ട് നടത്തുന്ന മഹത്തായ ദര്‍സോടെയാകും ആഗോളതലത്തിലുള്ള പഠനപദ്ധതിക്ക് ഔദ്യോഗിക പരിസമാപ്തിയാവുക. ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇസ്മായില്‍ സഅദി സ്വാഗതം പറഞ്ഞു. അബ്ദുല്‍ റഷീദ് ബാഖവി ഉസ്താദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദര്‍സിന് നേതൃത്വവും നല്‍കി. ഐ.സി.എഫ്. നാഷണല്‍ പ്രസിഡന്റ് റഷീദ് സഖാഫി മുഖ്യാതിഥിയായിരുന്നു. റിയാദിലെ വിവിധ ഘടകങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്ത സദസ്സിന് അബ്ദുല്‍ മജീദ് താനാളൂര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top