Sauditimesonline

maqbool
മഴയിലും തോരാത്ത കത്തുകള്‍

ഒഐസിസി ‘മികവ്- 2026’ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ദമ്മാം: ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് മൂന്നാമത് ‘മികവ്-2026 പി.എം. നജീബ് മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ എക്‌സലന്‍സ്’ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി.എം. നജീബിന്റെ ഓര്‍മ്മക്കാണ് അവാര്‍ഡ്. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ ഒഐസിസി പ്രവര്‍ത്തകരുടെ മക്കളായ അറുപത് വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ദമ്മാം ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍സ് പ്രസിഡന്റ് ഇ.കെ. സലിം അധ്യക്ഷത വഹിച്ചു.

പി.എം. നജീബിനെ ബിജു കല്ലുമല അനുസ്മരിച്ചു. സൗദിയിലെ കോണ്‍ഗ്രസ് അനുകൂല പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിട്ട അദ്ദേഹം, എളിമയും വിനയവും കാത്തുസൂക്ഷിച്ചപ്പോഴും നിലപാടുകള്‍ തുറന്നുപറയാന്‍ മടിച്ചിരുന്നില്ല. നിതാഖാത്ത്, കോവിഡ് പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ക്കായി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഐസിസി ഗ്ലോബല്‍ മുന്‍ വൈസ് പ്രസിഡന്റ് സി. അബ്ദുല്‍ ഹമീദ്, ഗ്ലോബല്‍ പ്രതിനിധി ജോണ്‍ കോശി, മാലിക് മഖ്ബൂല്‍ (കെഎംസിസി), പ്രവീണ്‍ വല്ലത്ത് (നവോദയ), അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍, സാജിദ് അറാട്ടുപുഴ (ഗള്‍ഫ് മാധ്യമം), മുജീബ് കളത്തില്‍ (ജയ്ഹിന്ദ്), ഹസൈനാര്‍ (ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ മാനേജിങ് കമ്മിറ്റി അംഗം), ഒഐസിസി പ്രൊവിന്‍സ് വൈസ് പ്രസിഡന്റുമാരായ ഡോ. സിന്ധു ബിനു, ഷംസ് കൊല്ലം എന്നിവര്‍ പ്രസംഗിച്ചു.

സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, പിജി ബി.എസ്സ്‌സി മൈക്രോബയോളജി എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അസ്‌ന ഹമീദ്, എംബിബിഎസില്‍ മികച്ച വിജയം കൈവരിച്ച ഡോ. അക്മല്‍ ഇബ്‌നു സജൂബ്, ഉപരിപഠനത്തിനായി നാട്ടിലേക്ക് തിരിക്കുന്ന കല്യാണി ബിനു നായര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ദേശീയപ്രൊവിന്‍സ് ഭാരവാഹികളായ റഫീഖ് കൂട്ടിലങ്ങാടി, വില്‍സണ്‍ തടത്തില്‍, നൗഷാദ് തഴവ, സി.ടി. ശശി, സക്കീര്‍ പറമ്പില്‍, ജേക്കബ് പാറക്കല്‍, പാര്‍വതി സന്തോഷ്, അന്‍വര്‍ വണ്ടൂര്‍, ആസിഫ് താനൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നൂറ നിറാസ് അവതാരകയായിരുന്നു. പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരന്ന വിവിധ കലാപരിപാടികളും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top