Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

റിയാദ് കരാര്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറക്കും: സല്‍മാന്‍ രാജാവ്

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: യമനില്‍ രാഷ്ട്രീയ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ്. അടുത്തിടെ റിയാദില്‍ ഒപ്പുവച്ച കരാര്‍ വിശാലമായ സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നും രാജാവ് പറഞ്ഞു. ശൂറാ കൗണ്‍സിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്.

രാജ്യം എല്ലാ മേഖലയിലും മുന്നേറുകയാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിനും ജനങ്ങള്‍ക്കും അഭിമാനിക്കാന്‍ അര്‍ഹതയുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിനും അത്തരം പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിക്കുന്നതിനും കഴിഞ്ഞു. മിതത്വമാണ് അഭികാമ്യം. അതിലേക്ക് മടങ്ങണം. സൗദി സമൂഹത്തിന്റെ സവിശേഷതയാണ് മിതത്വം. എന്നാല്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ യമന്‍ തലസ്ഥാനമായ സനഅ പിടിച്ചടക്കിയതിന് ശേഷമാണ് 2015 ല്‍ സൗദിയും സഖ്യകക്ഷികളും പ്രതിരോധം തീര്‍ത്തതെന്നും നയപ്രഖ്യാപനത്തില്‍ രാജാവ് വ്യക്തമാക്കി. രാജ്യത്തിനു നേരെ 286 ബാലിസ്റ്റിക് മിസൈലുകളും 289 ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടന്നിട്ടുണ്ട്. ഇതിനെ ശക്തമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു. സൗദിയിലെ എണ്ണ സംസ്‌കരണ ശാലകള്‍ ലക്ഷ്യമാക്കി സെപ്റ്റംബര്‍ 14 ന് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ എണ്ണ ഉല്‍പാദനം താല്‍ക്കാലികമായി കുറച്ചു. എന്നാല്‍ ഇത് അതിവേഗം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അരാംകോക്കു കഴിഞ്ഞു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാനും ഉത്തരവാദിയാണ്. നൂതന മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മാത്രമല്ല രാജ്യത്തിന്റെ വികസനം, പൗരന്മാരുടെ ജീവിതം എന്നിവയെ ആക്രമണം ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും രാജാവ് ശൂറാ കൗണ്‍സിലില്‍ പറഞ്ഞു.

ആഗോള എണ്ണ വിപണിയില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കും. ഇതാണ് രാജ്യത്തിന്റെ എണ്ണനയം. ഉപഭോക്താക്കള്‍ക്കും ഉല്‍പാദകര്‍ക്കും ഒരുപോലെ മികച്ച സേവനമാണ് ലക്ഷ്യം. സൗദി അരാംകോയുടെ ഓഹരികള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കും. ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം പൊതു നിക്ഷേപ ഫണ്ടിലേക്ക് മാറ്റും.

വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തു നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍, വികസന പദ്ധതികള്‍, സാംസ്‌കാരിക മുന്നേറ്റം എന്നിവയെല്ലാം സമഗ്രമായി പ്രതിപാദിച്ചാണ് രാജാവ് പ്രസംഗം അവസാനിപ്പിച്ചത്. സ്പീക്കര്‍ ഡോ. അബ്ദുല്ല അല്‍അഷെയ്ക്ക് ശൂറാ കൗണ്‍സില്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top