
റിയാദ്: ഫുട്ബാള്‍ പ്രേമികള്‍ കാത്തിരുന്ന കാല്‍പ്പന്തുത്സവത്തിന് ജൂലൈ 18ന് തിരശ്ശീല ഉയരും. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കുന്ന ഒന്‍പതാമത് സൂപ്പര്‍ കപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഷിഫാദിറാബ് റോഡിലെ ദുറത്ത് അല്‍ മലാബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ എ ഡിവിഷനിലെ എട്ട് ടീമുകള്‍ മാറ്റുരക്കും. ലീഗ് കം നോ കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ എട്ട് ആഴ്ച നീണ്ടുനില്‍ക്കും. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ആറിന് മത്സരങ്ങള്‍ ആരംഭിക്കും. ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റും അല്‍ റയാന് പോളി ക്ലിനിക്കുമാണ് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍. വിജയികള്‍ക്ക് കാഷ് പ്രൈസ് സിറ്റി ഫ്ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മാനിക്കും.

ദിവസവും നാലു മത്സരങ്ങള്‍ നടക്കും. കെഎംസിസി പ്രവര്‍ത്തകര്‍ക്കായി എട്ട് ജില്ലാ കമ്മിറ്റികളുടെ ടീമുകളും കളിക്കളത്തില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിന്റെ ഭാഗമായി മെഗാ ബംബര്‍ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പില്‍ എബിസി കാര്‍ഗോ നല്കുന്ന സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ ഒന്നാം സമ്മാനമായി വിതരണം ചെയ്യും. ഔട്ട്റൈറ്റ് ഗ്ലോബല്‍ നല്കുന്ന ബുളളറ്റ് ബൈക്ക് രണ്ടാം സമ്മാനവും മോഡേണ്‍ സര്‍ക്യൂട്ട് നല്കുന്ന ഐഫോണ്‍ മൂന്നാം സമ്മാനമായും വിതരണം ചെയ്യും.

സന്തോഷ് ട്രോഫി, ദേശീയ ഐ ലീഗ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി കളിക്കാര്‍ വിവിധ ടീമുകള്‍ക്കായി ബൂട്ട് കെട്ടും. ഇതോടൊപ്പം സൗദിയിലെ പ്രമുഖ പ്രവാസി താരങ്ങളും വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും. സൗദിയിലെ ദേശീയ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന സ്വദേശി റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക.

അയ്യായിരത്തിലധികം കാണികള്‍ക്ക് മത്സരം വീക്ഷിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം മുര്‍സലാത്തിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഫിക്ച്ചര്‍, ട്രോഫി, ലോഗോ എന്നിവയുടെ പ്രകാശനം നടന്നു. ടൂര്‍ണമെന്റ് ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചീഫ് ഓപ്പറേഷന് ഓഫീസര്‍ സാനിന് വാസിമും അല്‍ റയാന് പോളിക്ലിനിക്ക് മാനേജിംഗ് ഡയറക്ടര്‍ മുഷ്ത്താഖ് മുഹമ്മദ് അലിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കെഎംസിസി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് പാസ്റ്റില്‍ വൈവിധ്യമാര്‍ന്ന കലാ രൂപങ്ങള്‍ അണിനിരക്കും.

സെപ്റ്റംബര്‍ 5ന് ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും. സമാപന പരിപാടിയില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുക്കും. ജില്ല തല ഫുട്ബോളിന്റെ ആദ്യ മത്സരത്തില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി മലപ്പുറം ജില്ലാ കെഎംസിസിയെ നേരിടും. സൂപ്പര്‍കപ്പ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അസീസിയ സോക്കര്‍ ബ്ലാസ്റ്റേഴ്സ് എഫ് സി വഴക്കാടിനേയും രണ്ടാം മത്സരത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് റെയിന്‍ബോ എഫ് സി യൂത്ത് ഇന്ത്യ സോക്കറിനെയും നേരിടും.

വാര്‍ത്താ സമ്മേളനത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഫുട്ബോള്‍ ടൂര്‍ണമെന്റ് ചീഫ് കോര്‍ഡിനേറ്റര്‍ മുജീബ് ഉപ്പട, കോര്‍ഡിനേറ്റര്‍ സത്താര്‍ താമരത്ത്, സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് യു.പി മുസ്തഫ എന്നിവര്‍ പങ്കെടുത്തു
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






