
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അബഹയില്‍ 28 പേര്‍ക്കും റിയാദില്‍ 8 പേര്‍ക്കും പരിക്കേറ്റതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അബഹ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

റിയാദില്‍ ഒരു സുഡാന്‍ പൗരനാണ് കൊല്ലപ്പെട്ടത്. അബഹയില്‍ മൊറോക്കോ, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകളാണ് മരിച്ചത്. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരും ഒരു പാകിസ്ഥാന്‍ പൗരനും പരിക്കേറ്റവരില്‍ ഉള്‍പ്പെടും.

യെമനിലെ ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് അറബ് സഖ്യസേന സ്ഥിരീകരിച്ചു. റിയാദിലേക്കും അബ്ഹയിലേക്കും തൊടുത്തുവിട്ട മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളും വ്യോമസേന ആകാശത്ത് തടഞ്ഞെങ്കിലും, അവശിഷ്ടങ്ങള്‍ പതിച്ചാണ് ആളപായവും നാശനഷ്ടങ്ങളും സംഭവിച്ചതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മലിക്കി അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






