
റിയാദ്: കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയ്ക്ക് (സി.എസ്.ആര്‍) പുതിയ ദിശാബോധം പകര്‍ന്ന് രണ്ടാം ഘട്ട ഗ്ലോബല്‍ സി.എസ്.ആര്‍ ഫോറം റിയാദില്‍ സമാപിച്ചു. രാജ്യാന്തര സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, നയരൂപീകരണ വിദഗ്ധര്‍, അക്കാദമിക് പ്രമുഖര്‍ എന്നിവരടക്കം നിരവധയപേര്‍ പങ്കെടുത്തു. ഡല്‍ഹി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എച്ച്.ആര്‍.ഡി.എഫ്) ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അതിഥിയായെത്തി.

സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. ‘പ്രതിബദ്ധതയില്‍ നിന്ന് ഫലപ്രാപ്തിയിലേക്ക്’ എന്ന പ്രമേയത്തിലായിരുന്നു സംഗമം. സുസ്ഥിര വികസനം, സാമൂഹിക സ്വാധീനം, നിക്ഷേപ അവസരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
ദേശീയ സി.എസ്.ആര്‍ പ്ലാറ്റ്‌ഫോം വഴി മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ബില്യണ്‍ സൗദി റിയാലിലധികം തുക വിവിധ സാമൂഹിക പദ്ധതികള്‍ക്കായി വിനിയോഗിച്ചതായി ഫോറം ഉദ്ഘാടനം ചെയ്ത സാമൂഹിക വികസന സഹമന്ത്രി അഹ്മദ് അല്‍മാജിദ് വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളുടെ സാമൂഹിക സ്വാധീനം വ്യക്തമായി നിരീക്ഷിക്കാന്‍ ‘ഹീറ്റ് മാപ്പ്’ സംവിധാനമാണ് ഉപയോഗിക്കുന്നത്. സൗദിയില്‍ സമഗ്രമായ ദേശീയ സി.എസ്.ആര്‍ നയം തയ്യാറായി വരികയാണെന്നും ഇത് പൂര്‍ത്തിയാകാന്‍ ഒന്നര വര്‍ഷം സമയമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഷന്‍ 2030 ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തില്‍ അടുക്കുമ്പോള്‍, സാമൂഹിക ഉത്തരവാദിത്ത രംഗത്ത് സ്വകാര്യ മേഖല കൈവരിച്ച മുന്നേറ്റങ്ങള്‍ ആഗോള സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയായും ഫോറം മാറി. പ്രഭാഷണങ്ങള്‍, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, ബിസിനസ് നെറ്റ്‌വര്‍ക്കിങ്, പുരസ്‌കാര വിതരണം, ശില്‍പശാലകള്‍ എന്നിവയും നടന്നു. ചര്‍ച്ചകളെ കേവലം പ്രഖ്യാപനങ്ങളില്‍ ഒതുക്കാതെ, അളക്കാവുന്ന സാമൂഹിക മാറ്റങ്ങളിലേക്ക് നയിക്കുകയാണ് ഫോറം ലക്ഷ്യംവെക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






