
റിയാദ്: പാലക്കാടന്‍ ഗോള്‍ മഴയില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കു കടപുഴകി തൃശൂര്‍. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സൂപ്പര്‍ കപ്പ് ജില്ലാ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പാലക്കാടിന്റെ മുന്നേറ്റം. ദിറാബിലെ ദുറത്ത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ആലപ്പുഴ ജില്ലയെ കണ്ണൂര്‍ മുട്ടുകുത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് ജയത്തോടെ കണ്ണൂര്‍ ജില്ലാ കെഎംസിസി സെമിഫൈനല്‍ യോഗ്യത നേടി.

പാലക്കാടിന്റെ മുഹമ്മദ് സുഹൈല്‍ നേടിയ ഹാട്രിക്ക് വിജയം അനായാസമാക്കുകയായിരുന്നു. മുഹമ്മദ് ദില്‍ഷാദ് രണ്ടും മുഹമ്മദ് അര്‍ഷദ് ഒരു ഗോളും നേടി. പാലക്കാട് ജില്ല കെഎംസിസി ടീം സര്‍വ്വാധിപത്യം സ്ഥാപിച്ച കളിയില്‍ തൃശൂര്‍ ജില്ല കെഎംസിസി ടീം നിസ്സഹരായി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. പാലക്കാടിന്റെ മുഹമ്മദ് സുഹൈലാണ് മാന്‍ ഓഫ് ദി മാച്ച്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം അവാര്‍ഡ് സമ്മാനിച്ചു.

മൂന്നാം ആഴ്ചയിലെ ആദ്യ മത്സരത്തില്‍ കണ്ണൂരും ആലപ്പുഴയും കടുത്ത പോരാട്ടം നടത്തി. കണ്ണൂരിന് വേണ്ടി മഹ്‌റൂഫ് ആദ്യ ഗോള്‍ നേടി. രണ്ടാം ഗോള്‍ ആലപ്പുഴ സെല്‍ഫിലൂടെ വഴങ്ങി. മികച്ച ഒത്തിണക്കവും പന്തടക്കവും പ്രകടിപ്പിച്ച കണ്ണൂര്‍ വ്യക്തമായ ഗെയിം പ്ലാന്‍ പുറത്തെടുത്താണ് കളത്തില്‍ നിറഞ്ഞു കളിച്ചത്. മത്സരാന്ത്യം വരെ പൊരുതിയ ആലപ്പുഴ അവസാന നിമിഷം അടിയറവ് പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ആലപ്പുഴക്ക് അവസാന കളിയില്‍ ശക്തരായ മലപ്പുറത്തെയാണ് ഇനി നേരിടാനുള്ളത്. കണ്ണൂര്‍ ജില്ലാ കെഎംസിസി താരം സുബൈര്‍ മാന്‍ ഓഫ് ദി മാച്ചായി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചു.

ജസീല്‍ (അല്‍ റയ്യാന്‍ പോളിക്ലിനിക്), അബ്ദുറഹിമാന്‍ അല്‍ ഷഹരി, അസീസ് മാസ്റ്റര്‍ ഇരിക്കൂര്‍, അഷ്‌റഫ് കല്‍പകഞ്ചേരി, റസാഖ് വളക്കൈ, സിദ്ദീഖ് കോനാരി, സഫീര്‍ വെളളമുണ്ട, സിയാദ് കായംകുളം, സലാം അലനല്ലൂര്‍, ഷബീര്‍ മണ്ണാര്‍ക്കാട്, യാക്കൂബ് തില്ലങ്കേരി, യൂനുസ് താഴേക്കോട്, സുധീര്‍ ചൂരല്‍മല, ഇഖ്ബാല്‍ തിരൂര്‍, ഷമീര്‍ സ്‌കോപ്പ്, തഹ്‌സില്‍ സ്‌കോപ്പ് എന്നിവര്‍ വിവിധ കളികളില്‍ കളിക്കാരുമായി പരിചയപ്പെട്ടു. ആഗസ്റ്റ് എട്ടിന് നടക്കുന്ന കളിയില്‍ സേഫ്റ്റി മോര്‍ മലപ്പുറം ജില്ലാ കെഎംസിസി ഹരിതം മസാല എറണാകുളം ജില്ലാ കെഎംസിസിയേയും സുള്‍ഫെക്‌സ് കാസര്‍കോട് ജില്ലാ കെഎംസിസി പാരാജോണ്‍ കോഴിക്കോട് ജില്ല കെഎംസിസിയേയും നേരിടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






