
റിയാദ്: സൗദി അറേബ്യയില്‍ നടക്കുന്ന മൂന്നാമത് വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ ഇന്ത്യയില്‍ നിന്നുളള ഉന്നത തല പ്രതിനിധി സംഘത്തെ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് നയിക്കും. 700 പ്രദര്‍ശകരും 400 പ്രതിനിധികളും സംഘത്തിലുണ്ടാകും. പ്രതിരോധ ഉല്‍പാദന വകുപ്പ്, സായുധ സേന എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഈ മാസം 8, 9 തീയതികളില്‍ റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 80 രാജ്യങ്ങളില്‍ നിന്നായി തൊളളായിരത്തിലധികം കമ്പനികള്‍ പങ്കെടുക്കും.

ഇന്ത്യ ആദ്യമായാണ് റിയാദ് ഡിഫന്‍സ് ഷോയില്‍ പങ്കെടുക്കുന്നത്. ഇതിനായി 400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുളള പവിലിയന്‍ തയ്യാറായി വരുന്നു.പവിലിയന്‍ പ്രതിരോധ മന്ത്രി സഞ്ജയ് സേത്ത് ഉദ്ഘാടനം ചെയ്യും. പ്രതിരോധ നിര്‍മ്മാണത്തിലും സാങ്കേതിക രംഗത്തും ഇന്ത്യ കൈവരിച്ച സ്വയംപര്യാപ്തത, കൈവരിച്ച നേട്ടങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

ആര്‍മേഡ് വെഹിക്കിള്‍ നിഗം ലിമിറ്റഡ്, അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്‍ഡ് എക്വിപ്പ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്, മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇന്ത്യ ഓപ്റ്റല്‍ ലിമിറ്റഡ്, ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ് എന്നിവ ഉള്‍പ്പെടെ പ്രമുഖ പൊതുമേഖല സ്ഥാപനങ്ങള്‍ പങ്കെടുക്കും. ടാങ്കുകള്‍, ആര്‍ട്ടിലറി ഗണ്‍ സിസ്റ്റംസ്, മിസൈലുകള്‍, വെടിമരുന്ന്, റഡാറുകള്‍ തുടങ്ങിയ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഡിഫന്‍സ് ഷോയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും പ്രതിരോധ സഹമന്ത്രിമാര്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-സൗദി പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സൗദിയിലെ പ്രമുഖ വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ചകളും നടത്തും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന വേള്‍ഡ് ഡിഫന്‍സ് ഷോ, ഇന്ത്യയുടെ സ്വദേശീയവല്‍ക്കരണ ശ്രമങ്ങളെയും ആധുനിക സാങ്കേതിക വിദ്യകളെയും ആഗോള വേദിയില്‍ അവതരിപ്പിക്കാനുളള അവസരമാണ്. മാത്രമല്ല, അന്തര്‍ദേശീയ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ കഴിയുന്ന വേദിയായി ഡിഫന്‍സ് ഷോ മാറും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






