Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ആദ്യം മഗ്‌രിബ് ബാങ്ക് മുഴങ്ങുന്ന ഇടം; വിസ്മയമായി ദബലൗത്താന്‍ ഗ്രാമം

റിയാദ്: സൗദി അറേബ്യയിലെ വിശാലമായ മരുഭൂ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ദബലൗത്താന്‍ ഗ്രാമം റമദാനില്‍ പ്രത്യേക ശ്രദ്ധ നേടുന്നു. രാജ്യത്ത് ആദ്യമായി സൂര്യാസ്തമയം അനുഭവപ്പെടുന്ന പ്രദേശമാണിത്. അതുകൊണ്ടുതന്നെ ഈ ഗ്രാമമാണ് സഊദിയില്‍ ആദ്യ ഇഫ്താറിനും വേദിയാകുന്നത്. നാലുവശവും മരുഭൂമിയാല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് ദബലൗത്താന്‍.

സൗദി അറേബ്യ, യുഎഇ, ഒമാന്‍, യമന്‍ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ മണല്‍ മരുഭൂമി ‘എംറ്റി ക്വാര്‍ട്ടറി’ലാണ് ദബലൗത്താന്‍ സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരിയായ റിയാദില്‍ നിന്ന് 1300 കിലോ മീറ്റര്‍ അകലെയാണിത്.

രാജ്യത്ത് ആദ്യം ഇവിടെ സൂര്യാസ്തമയം അനുഭവപ്പെടാന്‍ കാരണം ഭൂമിശാസ്ത്ര പ്രത്യേകതകളാണ്. അതുകൊണ്ടുതന്നെ മഗ്‌രിബ് ബാങ്ക് ആദ്യം മുഴങ്ങുന്നതും ഇവിടെയാണ്. നോമ്പുതുറയ്ക്കായി ഗ്രാമനിവാസികള്‍ മണല്‍തിരകളുടെ നടുവില്‍ സംഗമിക്കും. വിശ്വാസങ്ങള്‍ക്കു അതിര്‍ത്തികളില്ലെന്ന് ഓര്‍മ്മിപ്പെടുത്തുന്ന സംഗമമാണിത്.

ഗ്രാമവാസികളോടൊപ്പം ഇഫ്താറില്‍ പങ്കെടുക്കാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുളളവര്‍ അതിഥികളായി എത്തിച്ചേരുക പതിവാണ്. ഇവര്‍ക്ക് വിപുലമായ ഇഫ്താര്‍ സല്‍ക്കാരവും ഒരുക്കും. വൈകീട്ട് 5.10ന് ദബലൗത്താന്‍ പ്രദേശത്ത് സൂര്യന്‍ അസ്തമിക്കും. ഇതോടെ ബാങ്ക് വിളി ഉയരും. നോമ്പുതുറയും ആരംഭിക്കും.

എംറ്റി ക്വാര്‍ട്ടര്‍ വഴി സൗദി-ഒമാന്‍ ഹൈവേയില്‍ നിന്ന് മണല്‍പരപ്പിലൂടെ അഞ്ചു മണിക്കൂറിലധികം സഞ്ചരിച്ച് വേണം ദബലൗത്താനില്‍ എത്തിച്ചേരാന്‍. കൃഷിയും കാലിവളര്‍ത്തലും ഉപജീവനമാക്കിയ ഗോത്ര വിഭാഗങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. അല്‍ ഹസ ഗവര്‍ണറേറ്റിന് കീഴില്‍ പ്രാദേശിക ഭരണ കൂടത്തിന്റെ കാര്യാലയം, പ്രൈമറി സ്‌കൂള്‍, ഹെല്‍ത് സെന്റര്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top