
റിയാദ്: ആകാശത്ത് സംശയാസ്പദമായി കാണുന്ന ഡ്രോണ്‍, മിസൈല്‍ തുടങ്ങിയ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഊദി ദേശീയ ആപ്ലിക്കേഷനായ ‘തവക്കല്‍ന’യില്‍ പുതിയ സൗകര്യം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പുതിയ സംവിധാനം വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ക്ക് സംശയകരമായ ആകാശ ദൃശ്യങ്ങള്‍ ഉടന്‍ അധികൃതരെ അറിയിക്കാന്‍ കഴിയും. ഇതുവഴി അതിവേഗം വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ എത്തിക്കാനും ഉടന്‍ പ്രതികരണം നടത്താനും സഹായിക്കും.

പുതിയ സേവനം പൗരന്മാര്‍ക്കും രാജ്യത്തെ വിദേശികള്‍ക്കും ദശീയ പ്രതിരോധ സംവിധാനവുമായി സഹകരണം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന സുപ്രധാന നടപടിയാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഊദി സൈന്യത്തിന് വ്യോമാക്രമണങ്ങളെ കണ്ടെത്താനും നേരിടാനും ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങള്‍ നിലവിലുണ്ട്. പുതിയ റിപ്പോര്‍ട്ടിങ് സൗകര്യം പൊതുജനങ്ങളെയും സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമാണ്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പുതിയ സേവനം ആരംഭിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






