Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഇളവ്: ഏപ്രില്‍ 18 വരെ പിഴയില്ലാതെ സൗദി വിടാം

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ ഇല്ലാതെ രാജ്യം വിടാന്‍ ഏപ്രില്‍ 18 വരെ സമയം അനുവദിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 25ന് ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം.

വിസിറ്റ് വിസ, ഉംറ വിസ, ട്രാന്‍സിറ്റ് വിസ, ഫൈനല്‍ എക്‌സിറ്റ് വിസ, ഫാമിലി വിസ, ബിസിനസ് വിസ എന്നിവ ഉള്‍പ്പെടെ മുഴുവന്‍ കാറ്റഗറിയിലുളളവര്‍ക്കും ആനുകൂല്യം ലഭിക്കും. ‘അബ്ഷിര്‍’ പ്ലാറ്റ്‌ഫോം വഴി ഫീസ് അടച്ച് വിസ കാലാവധി ദീര്‍ഘിപ്പിക്കാം.
അതേസമയം, ഫെബ്രുവരി 25ന് കാലാവധി കഴിഞ്ഞ വിസയുള്ളവര്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങാനും സൗകര്യമുണ്ട്. ഇളവിന് അര്‍ഹരായവര്‍ ഏപ്രില്‍ 18നകം രാജ്യം വിടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ മടങ്ങാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

റമദാനില്‍ സൗദി അറേബ്യയിലെത്തിയ തീര്‍ത്ഥാടകര്‍ അടുത്ത മാസം 18ന് മുമ്പ് രാജ്യം വിടണമെന്ന് നേരത്തെ ഹജ് ഉംറ മന്ത്രാലയവും അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നെത്തിയ തീര്‍ത്ഥാടകരില്‍ വലിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്. വ്യോമ ഗതാഗതം താറുമാറായ സാഹചര്യത്തില്‍ നിശ്ചിത സമയത്തിനകം രാജ്യം വിടാനുളള ഒരുക്കത്തിലാണ് തീര്‍ത്ഥാടകര്‍.

ഉംറ വിസാ കാലാവധി കഴിഞ്ഞു നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് ഹജ്ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ശിക്ഷാ കാലാവധി ഴിഞ്ഞ് നാടുകടത്തുന്നവര്‍ക്ക് ഭാവിയില്‍ സൗദിയിലേക്ക് പ്രവേശന വിലക്കു നേരിടേണ്ടി വരും.

കേരളത്തില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ വിമാന സര്‍വ്വീസ് ഭാഗികമായി പുനരാരംഭിച്ചതോടെ മടങ്ങിത്തുടങ്ങി. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങുന്നതിന് മുമ്പ് സൗദിയിലെത്തിയതാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും. ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, എയര്‍ അറേബ്യ വിമാനങ്ങള്‍ റദ്ദാക്കിയതാണ് തീര്‍ത്ഥാടകര്‍ക്കും ഏജന്‍സികള്‍ക്കും തിരിച്ചടിയായത്. സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈ നാസ് എന്നിവ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് മുടക്കം കൂടാതെ സര്‍വ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ആകാശ എയര്‍ കോഴിക്കോട് ജിദ്ദ സര്‍വ്വീസും ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിത സമയത്തിനകം രാജ്യം വിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുളള സന്ദര്‍കരും തീര്‍ത്ഥാടകരും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top