
റിയാദ്: ഉക്രൈന്‍ പ്രസിഡന്റ് വാളോഡിമിര്‍ സെലന്‍സ്‌കി സൗദിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. വ്യാഴാഴ്ച ജിദ്ദയിലെത്തിയ അദ്ദേഹം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ, ഉക്രൈന്‍ യുദ്ധം എന്നിവ ഇരു ഭരണാധികാരികളും ചര്‍ച്ച ചെയ്തു.

റഷ്യന്‍ ആക്രമണങ്ങളെ നേരിടാന്‍ ഉക്രൈന്‍ വികസിപ്പിച്ച വ്യോമപ്രതിരോധ സാങ്കേതികവിദ്യയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ താല്പര്യംപ്രകടിപ്പിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ സന്ദര്‍ശനം. മിതമായ ചിലവില്‍ ഡ്രോണുകളെ വെടിവെച്ചിടാനുള്ള സാങ്കേതിക വിദ്യയില്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായതായി സൂചനയുണ്ട്. റഷ്യ ഉക്രൈനില്‍ ഉപയോഗിക്കുന്ന ഇറാന്‍ നിര്‍മ്മിത ‘ഷഹീദ്’ ഡ്രോണുകളെ നേരിടാന്‍ ഉക്രൈന്‍ കൈവരിച്ച സാങ്കേതിക വൈദഗ്ധ്യം ഗള്‍ഫ് രാജ്യങ്ങള്‍ക്കു ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയതിനുശേഷം ഡ്രോണ്‍ പ്രതിരോധ രംഗത്ത് വൈഗ്ദ്യം നേടിയ ഇരുന്നൂറിലധികം പേരെ ഉക്രൈന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളുടെ വിലയേറിയ മിസൈലുകള്‍ക്ക് പകരം ഡ്രോണുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ഉക്രൈന്റെ കുറഞ്ഞ ചിലവിലുള്ള സാങ്കേതികവിദ്യ കൈമാറുകയാണ് ലക്ഷ്യമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






