Sauditimesonline

ARAMCO
ഇന്ത്യയ്ക്ക് ഇരുട്ടടി: ക്രൂഡ് ഓയില്‍ പ്രീമിയം കുത്തനെ കൂട്ടി; പെട്രോള്‍, ഡീസല്‍ വില ഉയരും

ഇന്ത്യയ്ക്ക് ഇരുട്ടടി: ക്രൂഡ് ഓയില്‍ പ്രീമിയം കുത്തനെ കൂട്ടി; പെട്രോള്‍, ഡീസല്‍ വില ഉയരും

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം മുറുകുന്നതിനിടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള അടിസ്ഥാന ക്രൂഡ് വിലയോടൊപ്പം ഈടാക്കുന്ന പ്രീമിയം തുക സൗദി അരാംകോ കുത്തനെ വര്‍ദ്ധിപ്പിച്ചു. നേരത്തെ ബാരലിന് 2.50 ഡോളറായിരുന്ന നിരക്ക് ഒറ്റയടിക്ക് 19.50 ഡോളറായി ഉയര്‍ത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിത്.

രാജ്യാന്തര വിപണിയില്‍ ഇന്നലെ അരാംകോ ബ്രെന്റ്ക്രൂഡിന്റെ വില ബാരലിന് 108.49 ഡോളറായിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ ബാരലിന് 2.50 ഡോളര്‍ പ്രീമിയം അഥവാ അടിസ്ഥാന വിലയ്ക്ക് പുറമെ അധിക തുക നല്‍കിയാണ് ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മെയ് മുതല്‍ ബാരലിന്റെ വിപണി വിലക്കു പുറമെ പ്രീമിയം തുക 19.50 ഡോളര്‍ അധികം നല്‍കണം. മെയ് മുതല്‍ നിലവില്‍ വരുന്ന നിരക്കാണ് സൗദി അരാംകോ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും വിതരണ ശൃംഖലയിലെ ഭീതിയുമാണ് അധിക നിരക്ക് ഈടാക്കാന്‍ കാരണം. സൗദി അറേബ്യയില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങളെ നിരക്ക് വര്‍ധനവ് സാരമായി ബാധിക്കും. എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് കോടികളുടെ അധികബാധ്യത വരുന്നതോടെ പെട്രോള്‍, ഡീസല്‍ വില ഉയരും. ഇതു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉള്‍പ്പെടെ രാജ്യത്തെ സാരമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനെതിരെയുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ വില ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ മുന്നറിയിപ്പ്. ഓരോ മിസൈല്‍ ആക്രമണവും ആഗോള സമ്പദ്‌വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്നതിന്റെ സൂചന കൂടിയാണ് പ്രീമിയം നിരക്കില്‍ ഏര്‍പ്പെടുത്തിയ വര്‍ധനവ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top