
റിയാദ്: അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ കരാറിന് ധാരണയായെങ്കിലും പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ കാര്യമായ മാറ്റം ദൃശ്യമല്ലെന്നാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രമ്പ് വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി പ്രഖ്യാപനം വന്ന് ഏതാനും മണിക്കൂറുകള്‍ക്കകം റിയാദില്‍ ഇന്നലെ പുലര്‍ച്ചെ 3ന് മൊബൈല്‍ ഫോണില്‍ അപായ സൂചനാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ പകല്‍ പലതവണ എമര്‍ജന്‍സി അലേര്‍ട്ടുകള്‍ തുടരുന്നിരുന്നു.

ഇന്നലെ സഊദി അറേബ്യയില്‍ ഒമ്പത് ഡ്രോണുകള്‍ ആകാശത്ത് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. യുഎഇയില്‍ 14 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളുമാണ് പ്രതിരോധ സേന ഇന്നലെ തകര്‍ത്തത്. അബുദാബിയിലെ ഗ്യാസ് പ്രോസസിംഗ് പ്ലാന്റിന് സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സ്വദേശികള്‍ക്കും ഒരു ഇന്ത്യക്കാരനും പരിക്കേറ്റു. കുവൈത്തിലെ പെട്രോളിയം കോര്‍പ്പറേഷന്‍, വാട്ടര്‍ പ്ലാന്റുകള്‍ എന്നിവ ലക്ഷ്യമാക്കി ശക്തമായ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നു. ഖത്തറില്‍ 7 ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധ സേന തകര്‍ത്തു.

വെടിനിര്‍ത്തല്‍ കരാര്‍ ലെബനനിലെ ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തെ ബാധിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതും പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമെന്ന സൂചനയാണ് വ്യക്തമാക്കുന്നത്. ഇന്നലെ നൂറിലധികം കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ കനത്ത ആക്രമണം നടത്തിയതില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

അതിനിടെ, വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറന്നു കൊടുക്കാമെന്ന് ഇറാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കരാര്‍ ലംഘനം ആരോപിച്ച് ഇറാന്‍ ഇപ്പോഴും പല ഓയില്‍ ടാങ്കറുകളെയും തടഞ്ഞുവെച്ചത് ആഗോള ഊര്‍ജ്ജ വിതരണത്തെ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഇരുപക്ഷവും വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്. ഇറാന്‍ മുന്നോട്ട് വെച്ച 10 ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ നാളെ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ മാത്രമേ പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം സംബന്ധിച്ച് വ്യക്തമായ ചിത്രം വ്യക്തമാകൂ.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






