Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

വ്യാപക പരിശോധന: ഒരാഴ്ചയ്ക്കിടെ 11,300 പേര്‍ പിടിയില്‍

റിയാദ്: സഊദി അറേബ്യയില്‍ ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയില്‍ ഒരാഴ്ചയ്ക്കിടെ 11,300 പേര്‍ പിടിയിലായി. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടിയിലായവരില്‍ 6,244 പേര്‍ ഇഖാമ നിയമലംഘകരും, 3,543 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും, 1,513 പേര്‍ തൊഴില്‍ നിയമലംഘനത്തിന് പിടിയിലായവരുമാണ്. നിയമലംഘകരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിന് യാത്രാരേഖകക്കായി 18,601 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളില്‍ വിവരം അറിയിച്ചു. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന വിവിധ രാജ്യക്കാരായ 14,855 പേരെ നാടുകടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

അതിര്‍ത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 1,330 പേരും പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച 51 പേരും പിടിയിലായി. നിയമലംഘകര്‍ക്ക് താമസം, ഗതാഗതം നല്‍കിയ 14 പേരെയും പിടികൂടിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് സഹായം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിലവില്‍ 2,214 സ്ത്രീകള്‍ ഉള്‍പ്പെടെ 29,913 പേര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. നിയമലംഘനങ്ങളെക്കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ ഉള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളില്‍ ഉള്ളവര്‍ 999 അല്ലെങ്കില്‍ 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top