
റിയാദ്: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് റിയാദില്‍ നിന്ന് പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) യാത്രയയപ്പ് നല്‍കി. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നിരവധി തീര്‍ത്ഥാടകരും പ്രവാസി പ്രമുഖരും സംബന്ധിച്ചു. റിയാദില്‍ നിന്ന് ഖുദ്‌സ് ഉള്‍പ്പെടെയുള്ള വിവിധ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

ഐസിഎഫ് റീജിയന്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നല്‍കാനും സംശയങ്ങള്‍ ദൂരീകരിച്ച് കുറ്റമറ്റ രീതിയില്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഐസിഎഫ് നടത്തിവരുന്ന പഠന ക്ലാസുകളുടെ തുടര്‍ച്ചയായാണ് പരിശീലനം. യാത്ര വേളയിലും മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലും പാലിക്കേണ്ട പ്രായോഗിക രീതികള്‍ വിശദീകരിച്ചുകൊണ്ടുള്ള സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കി.

ഐസിഎഫ് നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസി ജീവിതത്തിനിടയില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രം ലഭിക്കുന്ന മഹത്തായ സൗഭാഗ്യമാണ് ഹജ്ജ്. സ്വീകാര്യമായ ഹജ്ജ് വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അബ്ദുറഹ്മാന്‍ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. ഐസിഎഫ് നടത്തിവരുന്ന വിവിധ പ്രവാസി സേവനപ്രവര്‍ത്തനങ്ങള്‍, മദ്രസാ സംവിധാനങ്ങള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ച് റീജിയന്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ വിശദീകരിച്ചു. തീര്‍ത്ഥാടകരെ പ്രതിനിധീകരിച്ച് മഹ്മൂദ് ചെങ്ങളായി, അബ്ദുറഹിമാന്‍ കുറ്റിപ്പാല എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കുട്ടി സഖാഫി ഒളമതിലിന്റെ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുള്‍ ഖാദിര്‍ പള്ളിപ്പറമ്പ് സ്വാഗതവും ലത്തീഫ് മാനിപുരം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






