Sauditimesonline

eid
മഴ മുന്നറിയിപ്പുണ്ടെങ്കില്‍ ഈദ്ഗാഹുകള്‍ പള്ളിയില്‍

20 വര്‍ഷം തടവ് പൂര്‍ത്തിയായി; അബ്ദുറഹീമിന്റെ മോചനം വൈകും

റിയാദ്: സ്‌പോണ്‍സറുടെ മകന്‍ അനസ് അല്‍ ഷഹ്‌രി മരിച്ച കേസില്‍ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ ജയില്‍മോചനം വൈകും. വധശിക്ഷയില്‍ നിന്ന് ദിയാധനം നല്‍കി റഹീമിന് മാപ്പുനല്‍കി. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരം 20 വര്‍ഷത്തെ തടവുശിക്ഷ മെയ് 20ന് അവസാനിക്കും. എന്നാല്‍, നിയമപരമായ ക്ലിയറന്‍സുകള്‍ വൈകുന്ന സാഹചര്യത്തില്‍ മോചനം വൈകാനാണ് സാധ്യത.

ആഭ്യന്തര മന്ത്രാലയം, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്, പ്രിസണ്‍ ഡയറക്ടറേറ്റ്, ഗവര്‍ണറേറ്റ് എന്നിവടങ്ങളില്‍ നിന്നുള്ള ഔദ്യോഗിക ക്ലിയറന്‍സുകള്‍ ലഭിച്ച ശേഷം മാത്രമേ അബ്ദുറഹീമിനെ ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റാനാകൂ. ഈ നടപടിക്രമങ്ങള്‍ നിലവില്‍ പൂര്‍ത്തിയായിട്ടില്ല. ഇതിനായുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണെന്ന് അബ്ദുറഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ ബലിപ്പെരുന്നാള്‍ അവധി വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നതാണ് മോചന നടപടികള്‍ക്ക് നിലവില്‍ തിരിച്ചടിയാകുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയിലാകുന്നതോടെ ഇനി പെരുന്നാള്‍ അവധിക്ക് ശേഷമേ ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നാണ് അറിയുന്നത്. അതേസമയം, അബ്ദുറഹീമിന് രാജ്യം വിടാനാവശ്യമായ ഔട്ട് പാസ് റിയാദിലെ ഇന്ത്യന്‍ എംബസി ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.

സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍ കാറിലിരുന്ന് ശ്വാസംമുട്ടി മരിച്ച സംഭവത്തിലാണ് 2006ല്‍ അബ്ദുറഹീം പൊലീസിന്റെ പിടിയിലാകുന്നത്. വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും അത് ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് കേരളക്കര ഒന്നടങ്കം കൈകോര്‍ത്ത് 34 കോടി രൂപ ദിയാധനമായി സമാഹരിച്ച് നല്‍കിയാണ് വധശിക്ഷയില്‍ നിന്ന് റഹീമിന് മാപ്പ് വാങ്ങിക്കൊടുത്തത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top